റോഡിൽ ബിയർ കുപ്പി പൊട്ടിച്ച് സംഘർഷത്തിനുശ്രമം; മൂന്നു പേർ പിടിയിൽ
കാസർകോട്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളും സ്ഥലത്തുണ്ടായിരുന്ന ആൾക്കാരും തമ്മിലുണ്ടായ വാക്കുതർക്കത്തിനു ഒടുവിൽ റോഡിൽ ബിയർ കുപ്പി പൊട്ടിച്ച് സംഘർഷത്തിനു ശ്രമിച്ചുവെന്ന കേസിൽ മൂന്നു പേർ അറസ്റ്റിൽ. പാറക്കട്ടയിലെ അഭിലാഷ്, കേളുഗുഡെയിലെ മനീഷ് കുമാർ, ആർ.ഡി നഗറിലെ അവിനേഷ് എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച അർധരാത്രിയോടെ ചുരിയിലാണ് കേസിനാസ്പദമായ സംഭവം. ബൈക്കുയാത്രക്കാരായ യുവാക്കളും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഏതാനും യുവാക്കളും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സ്ഥലത്തു നിന്നു ബൈക്കുമായി പോയ സംഘം പിന്നീട് തിരിച്ചെത്തി റോഡിൽ ബിയർകുപ്പി പൊട്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘർഷത്തിനു ശ്രമിച്ചതിനു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് മൂന്നു പേർക്കെതിരെയും കേസെടുത്തത്.
