ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ല; മരണത്തിൽ ദുരൂഹത, അന്വേഷണം വേണമെന്ന് ബന്ധുക്കൾ
കോഴിക്കോട്: സർക്കാർ നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധുവായ ഹരിപ്രസാദ് പറഞ്ഞു. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ല. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടിൽ നിന്നും മടങ്ങിയതെന്നും ഹരിപ്രസാദ് പറഞ്ഞു. ലക്ഷ്മിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കമ്മീഷണർക്ക് പരാതി നൽകുമെന്നും ബന്ധു വ്യക്തമാക്കി.
അതേസമയം, ലക്ഷ്മിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊതുദർശനത്തിന് ശേഷം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും. കോട്ടയം കിടങ്ങൂർ സ്വദേശിയായ ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. രക്ഷിതാക്കളുടെയും ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥിനികളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാത്രി വൈകിയാണ് ലക്ഷ്മിയുടെ ബന്ധുക്കൾ കോട്ടയത്ത് നിന്നും കോഴിക്കോട്ടേക്ക് എത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ലക്ഷ്മി ഇന്നലെ ക്ലാസിൽ പോയിരുന്നില്ല. അസുഖമായതിനാൽ അവധിയെടുക്കുന്നു എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഹോസ്റ്റൽ മുറി വൃത്തിയാക്കാൻ 11.30ഓടെ ആളുകൾ വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഫാനിൽ ഷാൾകെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കോഴിക്കോട് മെഡിക്കൽ കോളേജിന് പിൻവശത്തുള്ള കെഎം കൃഷ്ണൻകുട്ടി റോഡിലെ ബക്കർ വില്ല എന്ന ഹോസ്റ്റലിലാണ് ലക്ഷ്മി രാധാകൃഷ്ണൻ താമസിച്ചിരുന്നത്.