പൂജാരി ചമഞ്ഞ് ബാലികയെ പീഡിപ്പിച്ചയാൾക്ക് 40 വർഷം തടവ്, കൂട്ടുനിന്ന യുവതിക്ക് 23 വർഷം
പാലക്കാട്: പൂജാരി ചമഞ്ഞ് ബാലികയെ പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതിക്ക് 40 വർഷം തടവുശിക്ഷ. കൂടല്ലൂർ പടിഞ്ഞാറെത്തറ സ്വദേശി വിനോദിനെയാണ് (42) കോടതി ശിക്ഷിച്ചത്. ഇയാൾ 1,30,000 പിഴയുമടയ്ക്കണം. കൂട്ടുനിന്ന രണ്ടാംപ്രതി മഞ്ഞളൂർ തില്ലങ്കോട് സ്വദേശി വിദ്യയ്ക്ക് (37) 23 വർഷം തടവും ശിക്ഷവിധിച്ചു.
രണ്ടുലക്ഷം രൂപയാണ് പിഴ. പാലക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നാംപ്രതി ഒരുവർഷം മൂന്നുമാസം അധികതടവും രണ്ടാംപ്രതി രണ്ടുവർഷം അധികതടവും അനുഭവിക്കണം.
ബാലികയുടെ അസുഖം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പൂജാരി ചമഞ്ഞ് ലൈംഗിക പീഡനം നടത്തിയത്. രണ്ടാംപ്രതി കൂട്ടുനിന്നു എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.അന്നത്തെ ആലത്തൂർ സബ് ഇൻസ്പെക്ടറായിരുന്ന എം.ആർ. അരുൺകുമാർ രജിസ്റ്റർചെയ്ത കേസ് ഇൻസ്പെക്ടറായിരുന്ന ടി.എൻ. ഉണ്ണിക്കൃഷ്ണൻ, കുഴൽമന്ദം ഇൻസ്പെക്ടറായിരുന്ന ആർ. രജീഷ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനെ സബ് ഇൻസ്പെക്ടർ താജുദ്ദീൻ, എ.എസ്.ഐ. സുലേഖ, വത്സൻ എന്നിവർ സഹായിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി. ശോഭന, സി. രമിക എന്നിവർ ഹാജരായി. ലൈസൻ ഓഫീസർ എ.എസ്.ഐ. സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി.