550 പവന്റെ കവർച്ച, സ്വർണം കുഴിച്ചിട്ടു; കരുക്കൾ നീക്കി പോലീസ്, തൊണ്ടിമുതലിലേക്ക് എത്തിയത് ഇങ്ങനെ
മലപ്പുറം: സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായതിൽ ഏറ്റവും വലിയ മോഷണമായിരുന്നു ബിയ്യത്തെ പ്രവാസിയുടെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 550 പവൻ കവർന്ന കേസ്. സംഭവത്തിൽ 438 പവൻ സ്വർണം പൊലീസ് കണ്ടെടുത്തു. . ബാക്കി സ്വർണം വിറ്റു കിട്ടിയ 29 ലക്ഷം രൂപയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു. സി.സി.ടി.വി.യുടെ ഡി.വി.ആർ. ഉൾപ്പെടെ കൊണ്ടുപോയതിനാൽ കേസിൽ യാതൊരു തെളിവുകളും പൊലീസിന് ലഭിച്ചിരുന്നില്ല. ഏപ്രിൽ 13ന് പുലർച്ചെ 1.30ഓടെയാണ് പ്രവാസി വ്യവസായി മണപ്പറമ്പിൽ രാജീവിന്റെ ബിയ്യത്തുള്ള വീട്ടിൽ കവർച്ച നടന്നത്. 350 പവനാണ് മോഷണം പോയതെന്നായിരുന്നു പ്രാഥമിക നിഗമനം. പുറത്തായരുന്ന വീട്ടുകാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മോഷണം പോയത് 50 പവനോളമാണെന്ന് കണ്ടെത്തിയത്.
തെളിവുകളൊന്നും അവശേഷിക്കാതിരുന്ന കേസിൽ കൃത്യമായി കരുക്കൾ നീക്കിയാണ് പൊലീസ് കേസ് പ്രതികളെ പിടികൂടിയത്. എട്ടുമാസക്കാലത്തെ അന്വേഷണത്തിൽ ആദ്യം മോഷ്ടാക്കളെ കുറിച്ച് യാതൊരു സൂചനയുമില്ലാതിരുന്നു. അമിത ആത്മവിശ്വാസിലായിരുന്ന പ്രതികളെ വളരെ വിദഗ്ദമായാണ് പൊലീസ് പിടികൂടിയത്. പിടിക്കപ്പെട്ടാലും സ്വർണം കൈവിട്ട് പോകാതിരിക്കാനുള്ള അടവെല്ലാം പ്രതികൾ നേരത്തെ ചെയ്ത് വെച്ചിരുന്നു. എന്നാൽ പാെലീസിന്റെ നീക്കം ശരിയായ വഴിയിലായത് പ്രതികൾക്ക് പണിയായി.
എട്ടുമാസമെടുത്താണ് തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്പനയിൽ താമസക്കാരനുമായ രായർമരക്കാർ വീട്ടിൽ സുഹൈൽ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പംവീട്ടിൽ നാസർ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ സുഹൈലിന്റെ ആദ്യ ഭാര്യ താമസിക്കുന്ന തൃശൂർ പെരിങ്ങോട്ടുകരയിലെ വാടകവീടിന്റെ തറയോടുചേർന്ന് കുഴിച്ചിട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രത്തിൽ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച് രണ്ടു പൊതികളിലായാണ് രണ്ടരക്കിലോ സ്വർണം സൂക്ഷിച്ചിരുന്നത്. കുഴിച്ചിട്ട സ്വർണാഭരണങ്ങൾക്കുപുറമേ ഉരുക്കി കട്ടിയാക്കി വിറ്റ സ്വർണവും പൊലീസ് പിടിച്ചെടുത്തു.
ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളുടെ ഓരോ വാദങ്ങളും പൊലീസ് തകർക്കുകയായിരുന്നു. പനക്കൽ ചന്ദ്രനാവാം മോഷ്ടാവെന്നും വീടും പരിസരവും വൃത്തിയായിട്ടുള്ള വീടുകളിൽ മാത്രമേ കയറൂവെന്നും സുഹൈൽ പറഞ്ഞതിൽ കളവ് നടന്ന വീട് അത്തരത്തിലുള്ളതാണെന്ന് പോലീസിന് മനസ്സിലായി. മോഷണത്തിന് പോകുമ്പോൾ താൻ ഫോൺ ഓഫ് ചെയ്യാറുണ്ടെന്നാണ് സുഹൈൽ പറഞ്ഞത്. മോഷണം നടന്ന ദിവസം രാത്രി 9.30-ഓടെ സുഹൈലിന്റെ ഫോൺ ഓഫ് ആയെന്നും പോലീസ് കണ്ടെത്തി. സംഭവദിവസം പുലർച്ചെ ആദ്യ കോൾ ചെയ്ത നാസറിനെയും പോലീസ് നിരീക്ഷിക്കാൻ തുടങ്ങി.
സ്വർണം കൊടുവള്ളിയിൽ കൊണ്ടുപോയി ഉരുക്കി കോട്ടയ്ക്കൽ ചട്ടിപ്പറമ്പിലുള്ള ഒരു ജൂവലറിയിൽ വിൽക്കുകയായിരുന്നു. നിരന്തരം കേസുകളിൽ പ്രതിയാകുന്ന സുഹൈലിനെ ജാമ്യത്തിലെടുക്കാനും മറ്റും സഹായിക്കുകയും ആഭരണങ്ങൾ വിൽക്കാൻ സഹായിക്കുകയും ചെയ്തിരുന്ന ആദ്യ ഭാര്യ നൂർജയെയും മകൾ ഷഹലയെയും ചോദ്യംചെയ്തതിൽ മകൾക്ക് മോഷണസ്വർണം വിറ്റതിൽനിന്ന് 10 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്ന് സമ്മതിച്ചതാണ് തൊണ്ടിമുതൽ കണ്ടെടുക്കുന്നതിന് പൊലീസിനെ സഹായിച്ച നിർണായക തെളിവ്.