ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു, കാർ കസ്റ്റഡിയിലെടത്തു
കൽപറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. കണിയാമ്പറ്റ സ്വദേശിയായ ഹർഷിദും നാല് സുഹൃത്തുക്കളുമാണ് പ്രതികളെന്നാണ് വിവരം.
ഇവർ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കണിയാമ്പറ്റയിൽ നിന്നാണ് കാർ കണ്ടെടുത്തത്. അക്രമി സംഘം ഉപയോഗിച്ച KL52 H 8733 നമ്പർ സെലേറിയോ കാറാണ് മാനന്തവാടി പോലീസ് കണ്ടെത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പ്രതികളെ ഇന്നുതന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട നാട്ടുകാരനായ മാതനെയാണ് സംഘം ആക്രമിച്ചത്.
അക്രമിസംഘം സഞ്ചരിച്ച കാർ പ്രദേശത്തെ ഒരു കടയുടെ മുന്നിൽനിർത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പിന്നിൽ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാൻ ഇവർ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈ കാറിന്റെ ഡോറിനുള്ളിൽ കുടുക്കി അരകിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. കൈകാലുകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.