കൊച്ചിയിലെ വ്യാപാരിയുടെ മരണം കൊലപാതകം; എട്ട് ലക്ഷത്തിന്റെ സാധനങ്ങളുമായി പ്രതികൾ കടന്നു
കാക്കനാട്: വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ക്രാപ്പ് വ്യാപാരിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കാക്കനാട് വാഴക്കാല ഓത്തുപള്ളി റോഡിൽ സൈറ മൻസിലിൽ എം.എ. സലീമി (69) ന്റെ മരണത്തിലാണ് രണ്ടാഴ്ചയ്ക്കുശേഷം വഴിത്തിരിവുണ്ടായത്. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ബിഹാർ സ്വദേശികളായ കൗശൽകുമാർ (25), ഭാര്യ അസ്മിത കുമാരി (24) എന്നിവരെ തൃക്കാക്കര സി.ഐ. എ.കെ. സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. മരിച്ച സലീമിന്റെ വീട്ടിലെ ജോലിക്കാരിയാണ് അസ്മിത.
ഇദ്ദേഹത്തിന്റെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ പലതും അപ്രത്യക്ഷമായെന്ന വീട്ടുകാരുടെ പരാതിയും പിന്നാലെ പോലീസിന്റെ തന്ത്രപരമായ നീക്കവുമാണ് കൊലപാതകത്തിന്റെയും മോഷണത്തിന്റെയും ചുരുളഴിച്ചത്. അസ്മിത ജോലി ചെയ്തതിന്റെ ശമ്പളവുമായി ബന്ധപ്പെട്ട തർക്കമുണ്ടായപ്പോൾ ഉന്തുംതള്ളുമുണ്ടായെന്നും ഇതിനിടെ തറയിൽ തലയടിച്ചു വീണ സലീം മരിച്ചെന്നു ബോധ്യപ്പെട്ടതോടെ സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നുവെന്നും കൗശൽകുമാർ പോലീസിനോടു പറഞ്ഞു. എന്നാൽ, സലീമിന്റെ മൃതദേഹത്തിൽ അടിയോ ചവിട്ടോ പോലെ ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളുണ്ടായില്ല. ഈ സാഹചര്യത്തിൽ ആന്തരികാവയങ്ങളുടെ രാസ പരിശോധനാ ഫലത്തിനു കാത്തിരിക്കുകയാണ്. ഇതിനുശേഷമേ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് അന്വേഷണ സംഘം പറഞ്ഞു.
3,500 രൂപയടങ്ങിയ പഴ്സും സ്വർണമോതിരങ്ങളും ചെമ്പുനാണയങ്ങളും ഒരു മൊബൈൽ ഫോണും ഉൾപ്പെടെ എട്ടുലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായാണ് മക്കൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സലീമിന്റെ ഭാര്യയും രണ്ടു മക്കളും വിദേശത്താണ്. ഒരു മകൾ കോയമ്പത്തൂരും. അസ്മിതയ്ക്കൊപ്പം സലീമിന്റെ വീട്ടിലെ പ്ലംബിങ് ജോലിക്കായി കൗശൽ വീട്ടിൽ വരാറുണ്ടായിരുന്നു.
സംഭവത്തിനുശേഷം ബിഹാറിലേക്കു കടന്ന ഇരുവരെയും തന്ത്രപൂർവം കാക്കനാട് താമസിക്കുന്ന ബന്ധുവിനെക്കൊണ്ട് ഫോണിൽ വിളിപ്പിച്ചു വരുത്തിയാണ് തൃക്കാക്കര പോലീസ് കുടുക്കിയത്. കുറ്റകരമായ നരഹത്യക്കും മോഷണത്തിനുമുള്ള വകുപ്പുകളും കൂട്ടിച്ചേർത്താണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. റിമാൻഡിലായ പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി ഉടനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് തൃക്കാക്കര സി.ഐ. എ.കെ. സുധീർ പറഞ്ഞു.