രഹസ്യവിവരം, അരലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മഞ്ചേരി: അരലക്ഷത്തോളം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് മഞ്ചേരി പൊലീസിന്റെ പിടിയിൽ. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ഇന്ത്യൻ മാളിന് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. മംഗലശ്ശേരി കരിമ്പന വീട്ടിൽ മുഹമ്മദ് ഷിബിലിയാണ് (25) പൊലീസ് പിടിയിലായത്.
ഇയാളിൽനിന്നും 12.62 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വിപണിയിൽ ഇതിന് അരലക്ഷത്തോളം രൂപ വിലവരും. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടർന്ന് പൊലീസ് വാഹനം വരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വാഹനം കുറുകെയിട്ടാണ് തടഞ്ഞുവെച്ചത്. കാറിൽനിന്ന് മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തി. ലഹരികടത്തിന് ഉപയോഗിക്കുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അബ്ദുൽ വാസിദ്, സിവിൽ പൊലീസ് ഓഫിസർമാരായ നിഷാദ്, അനന്തു, അസറുദ്ദീൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ഐ.കെ. ദിനേശ്, കെ. ജസീർ, പി. സലീം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.