വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡൽഹി പോലീസിന്റെ പിടിയിൽ
ന്യൂഡൽഹി : വിദേശികൾക്ക് വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡൽഹി പോലീസിന്റെ പിടിയിലായി. വിവിധ രാജ്യക്കാരായ 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 13 പേർ ബംഗ്ലാദേശ് പൗരന്മാരാണെന്നും വെള്ളിയാഴ്ച ഡൽഹി പോലീസ് അറിയിച്ചു. പിടിയിലായവരിൽ 23 പേർ ഏജന്റുമാരായി പ്രവർത്തിച്ചിരുന്നവരാണ്. മറ്റുള്ളവർ യാത്രക്കാരും. അനധികൃതമായി ഇന്ത്യൻ അതിർത്തി കടന്ന് അയൽ രാജ്യങ്ങളിൽ നിന്നെത്തിയ ശേഷം വ്യാജ രേഖകൾ ചമച്ച് ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഉഷ രംഗ്നാനി പറഞ്ഞു. പിടിയിലായ 13 ബംഗ്ലാദേശ് പൗരന്മാർക്ക് പുറമെ നാല് പേർ മ്യാൻമറിൽ നിന്നുള്ളവരും മൂന്ന് പേർ നേപ്പാളിൽ നിന്ന് ഇന്ത്യയിൽ എത്തിയവരും ഒരു അഫ്താൻ പൗരനും അറസ്റ്റിലായിട്ടുണ്ട്. അനധികൃതമായി വിദേശയാത്ര ചെയ്യുന്നതിനാണ് ഇവരെല്ലാം വ്യാജ ഇന്ത്യൻ പാസ്പോർട്ട് സ്വന്തമാക്കിയതെന്നും പോലീസ് കണ്ടെത്തി.