‘റോഡില്‍ റീല്‍സ് വേണ്ട’: കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകി.
ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെ കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഇത്തരം സംഭവങ്ങൾ മത്സര ഓട്ടത്തിൽ ഏർപ്പെടുന്നവർക്ക് പുറമേ മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാണെന്ന് ഉത്തരവിൽ പറഞ്ഞു. സമൂഹ മാധ്യമത്തിൽ ജനപ്രീതിയുണ്ടാക്കാൻ അപകടകരമായ നിലയിൽ റീലുകൾ ചിത്രീകരിക്കുന്ന പ്രവണത വർധിച്ചുവരികയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.