കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിനിമാ താരങ്ങളായ സിദ്ധിഖിന്റെയും ബിന്ദു പണിക്കരുടെയും സാക്ഷി വിസ്താരം ഇന്ന് നടന്നില്ല. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. അനാരോഗ്യം മൂലമാണ് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത്.
ബിന്ദു പണിക്കരെ തിങ്കളാഴ്ച വിസ്തരിക്കും. സിദ്ധിഖിനെ വിസ്തരിക്കുന്ന തീയതി കോടതി പിന്നീട് അറിയിക്കും. ഇത് രണ്ടാം തവണയാണ് സിദ്ധിഖും ബിന്ദു പണിക്കരും കോടതിയിലെത്തി മടങ്ങുന്നത്. നേരത്തെ ഇരുവരും വിസ്താരത്തിനായി കോടതിയില്‍ എത്തിയിരുന്നെങ്കിലും മഞ്ജുവാര്യരുടെ വിസ്താരം നീണ്ടുപോയതിനാല്‍ ഇവരെ വിസ്തരിച്ചിരുന്നില്ല.
നടന് ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ചശേഷം പ്രതികള്‍ രക്ഷപ്പെട്ട വാഹനങ്ങള്‍ സാക്ഷികള്‍ കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. പ്രതികള്‍ ഉപയോഗിച്ച പെട്ടി ഓട്ടോ, ബൈക്ക് എന്നിവയാണ് തിരിച്ചറിഞ്ഞത്. പള്‍സര്‍ സുനിയുടെ പരിചയക്കാരായ മനു, നെല്‍സണ്‍, സാജന് എന്നിവരാണ് വാഹനങ്ങള്‍ തിരിച്ചറിഞ്ഞത്.
അതിനിടെ രഹസ്യവിചാരണയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനെതിരെ പ്രതിഭാഗം കോടതിയില്‍ ഹര്‍ജി നല്കി. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയെന്ന തരത്തില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് പ്രതിഭാഗം വിചാരണകോടതിയില്‍ ഹര്‍ജിയുമായി എത്തിയത്. സാക്ഷിമൊഴികളുടെ വിശദാംശങ്ങള്‍ പുറത്തുവരുനന്ത് കോടതിയലക്ഷ്യമാണെന്ന് പ്രതിഭാഗം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.