നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രണ്ട് യുവാക്കളെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി
തൊടുപുഴ: നിർത്തിയിട്ടിരുന്ന കാറിൽ രക്തത്തിൽ കുളിച്ച നിലയിൽ 2 യുവാക്കളെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇടുക്കി രാജകുമാരിക്ക് സമീപം സേനാപതി റോഡിലാണ് യുവാക്കളെ രക്തത്തിൽ കുളിച്ച നിലയിൽ കാറിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
രാത്രി എട്ട് മണിയോടെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു വെളിയിൽ രക്തം പുരണ്ട ഷർട്ട് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നാട്ടുകാരുടെ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച് യുവാക്കളെ ബോധരഹിതമായ നിലയിൽ കണ്ടെത്തിയത്.
വിവരമറിയിച്ചതിനു പിന്നാലെ ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി ഇരുവരേയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.