അഡ്വ. ഹുസൈന് സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയര്മാന്
തിരുവനന്തപുരം| 2024-27 വര്‍ഷത്തേക്കുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് ആയി അഡ്വ. ഹുസൈന് സഖാഫി ചുള്ളിക്കോട് ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസര്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി ആര് വിനോദിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ കമ്മിറ്റി അംഗം ഉമര്‍ ഫൈസി മുക്കമാണ് ചെയര്മാന് സ്ഥാനത്തേക്ക് ഹുസൈന് സഖാഫിയെ നാമനിര്‍ദേശം ചെയ്തത്. അഡ്വ. മൊയ്തീന് കുട്ടി പിന്താങ്ങി. റിട്ടേര്‍ണിംഗ് ഓഫീസര്‍ ബിന്ദു വി ആര് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്കി. ശേഷം സംസ്ഥാന സ്പോര്‍ട്സ്, ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് തീര്‍ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ നടന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗില്‍ 2025 വര്‍ഷത്തെ ഹജ്ജ് ഒരുക്കങ്ങള്‍ വിലയിരുത്തി.
മലപ്പുറം കുഴിമണ്ണ, തവനൂര്‍ സ്വദേശിയായ ഹുസൈന് സഖാഫി സമസ്ത മുശാവറ അംഗവും മര്‍കസ് എക്സിക്യൂട്ടീവ് അംഗവും കോഴിക്കോട് ജാമിഅ മര്‍കസ് പ്രൊ-ചാന്‍സിലറുമാണ്. നിലവില്‍ മഞ്ചേരി ജില്ലാ കോടതിയില്‍ അഭിഭാഷകനുമാണ്. റഷ്യ, കാനഡ, അമേരിക്ക, ഈജിപ്ത്, മലേഷ്യ, യു എ ഇ, ലിബിയ, ജോര്‍ദാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന വിവിധ അന്താരാഷ്ട്ര പണ്ഡിത സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി തവണ പങ്കെടുത്തിട്ടുള്ള അദ്ദേഹം ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനുമാണ്.
കേരളത്തിലെ മുസ്ലിം സംഘടനാ കൂട്ടായ്മകളിലും ന്യൂനപക്ഷ വിഷയങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന ഹുസൈന് സഖാഫി മുമ്പ് ആരാധനാലയങ്ങളുടെ സെന്‍സസിനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രധാന ശിഷ്യനാണ്.
മര്‍കസ് ശരീഅ കോളേജില്‍ നിന്ന് മത പഠനത്തില്‍ ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലും നിയമപഠനത്തിലും ബിരുദവും അറബിയില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം 2021 ല്‍ ആന്ധ്രയിലെ ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ‘ഇസ്ലാമിക കര്‍മശാസ്ത്രത്തിന് അറബി ഭാഷയില്‍ കേരള പണ്ഡിതര്‍ നല്കിയ സംഭാവന’ എന്ന വിഷയത്തില്‍ 2004 ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, ഡല്‍ഹി ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് അറബി, ഉറുദു ഭാഷകളില്‍ വിവിധ ഹൃസ്വകാല കോഴ്സുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന സി എസ് മൊയ്തീന് കുട്ടി മുസ്ലിയാരുടെ മകന് സി എസ് മുഹമ്മദ് മുസ്ലിയാര്-കടുങ്ങല്ലൂര്‍ വാചാപ്പുറത്ത് ആമിന ദമ്പതികളുടെ മകനാണ്. താമരശ്ശേരി അണ്ടോണ സ്വദേശി സീനത്ത് ആണ് പത്നി. മക്കള്‍: അമീന് മുബാറക് സഖാഫി, ഹുസ്ന മുബാറക്, അദീബ് മുബാറക്. മരുമക്കള്‍: അബ്ദുറഊഫ് അസ്ഹരി, ജെബിന്.