പ്രവാസി വ്യവസായിയുടെ കൊലപാതകം: 26 പവൻകൂടി വീണ്ടെടുത്തു
പള്ളിക്കര : ദുർമന്ത്രവാദത്തിനിടെ കൊല്ലപ്പെട്ട പ്രവാസി വ്യവസായി പള്ളിക്കര പൂച്ചക്കാട്ടെ എം.സി. അബ്ദുൾ ഗഫൂർ ഹാജിയുടെ വീട്ടിൽനിന്ന് നഷ്ടപ്പെട്ട ആഭരണങ്ങളിൽ 26 പവൻകൂടി അന്വേഷണസംഘം വീണ്ടെടുത്തു. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി അന്വേഷണസംഘം ജൂവലറികളിൽ നടത്തിയ തെളിവെടുപ്പിലാണ് സ്വർണം കണ്ടെടുത്തത്. സംഭവത്തിൽ അറസ്റ്റിലായ നാലുപേരും ചേർന്ന് കാസർകോട്ടെ ഒരു ജൂവലറിയിൽ വിൽപ്പന നടത്തിയ 26 പവൻ ആഭരണങ്ങളാണ് വീണ്ടെടുത്തത്.
വ്യാഴാഴ്ച കാസർകോട്ടെ വിവിധ ജൂവലറികളിൽനിന്ന് 29 പവൻ വീണ്ടെടുത്തിരുന്നു. ഇതോടെ നഷ്ടപ്പെട്ട 596 പവനിലെ 55 പവൻ അന്വേഷണസംഘത്തിന് വീണ്ടെടുക്കാനായി. പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ നാല് പ്രതികളെയും കൊണ്ടുള്ള തെളിവെടുപ്പ് ചൊവ്വാഴ്ചയും തുടരുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. കെ.ജെ. ജോൺസൺ പറഞ്ഞു.