മൂന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരന് പിടിയില്‍
കൊച്ചി: മൂന്നര കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍. ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിയായ ഉസ്മാനാണ് കസ്റ്റംസിന്റെ പിടിയിലായത്. തായ് എയര്‍വേഴ്സ് വിമാനത്തില്‍ കൊച്ചിയിലെത്തിയ ഇയാളുടെ ബാഗിൽ കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു.
ഭക്ഷണ പൊതികള്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ താഴെ ഭാഗത്താണ് ഹൈബ്രിഡ് കഞ്ചാവും പൊതികളായി സൂക്ഷിച്ചിരുന്നത്. 13 കിലോയോളം വരുന്ന ഹൈബ്രിഡ് കഞ്ചാവ് രണ്ട് പൊതികളിലുണ്ടായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിന്റെ പരിശോധന. നേരത്തെയും ബാങ്കോക്കില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായെത്തിയവര്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായിരുന്നു.
പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.