തളങ്കര, നുസ്രത്ത് നഗറിലെ വീട്ടിൽ നിന്നു കണക്കിൽപ്പെടാത്ത നോട്ടെണ്ണൽ യന്ത്രവും 6,36,500 രൂപയും പിടികൂടി
കാസർകോട്: കാസർകോട്ടേക്ക് വീണ്ടും കള്ളപ്പണം ഒഴുകുന്നുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ തളങ്കരയിൽ നിന്നു കണക്കിൽപ്പെടാത്ത 6,36,500 രൂപയും നോട്ടെണ്ണുന്ന യന്ത്രവും പിടികൂടി. തളങ്കര, നുസ്രത്ത് നഗറിലെ ഒരു വീട്ടിൽ വെള്ളിയാഴ്ച കാസർകോട് ടൗൺ പൊലീസ് നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്. പണവും നോട്ടെണ്ണുന്ന യന്ത്രവും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് കാസർകോട് നിന്നു വൻതോതിൽ കള്ളപ്പണം പിടികൂടിയിരുന്നു. അതിനുശേഷം അധികൃതരുടെ ഭാഗത്തു നിന്നു കാര്യമായ നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് കള്ളപ്പണം ഒഴുകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുള്ളത്.