നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം,ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർത്താവിന്റെ വീട്ടിൽ നവവധു ഇന്ദുജ (25) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത് കസ്റ്റഡിയിൽ. മരണത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. മൂന്ന് മാസം മുമ്പായിരുന്നു വിവാഹം. അതിനിടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
നേരത്തെ, മരണത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പാലോട് കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജയെ ഇന്നലെ ഉച്ചക്കാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.
കുടുംബത്തിന്റെ പരാതിയിൽ പാലോട് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇന്ദുജയെ അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിൽ ജനലിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉച്ചയ്ക്ക് ചോറ് കഴിക്കാനായി അഭിജിത്ത് വീട്ടിലെത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.