ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സഹതാരം
റിയാദ്: സൗദി അറേബ്യന്‍ ഫുട്ബോള്‍ ക്ലബ്ബ് അല്‍ നസറിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സഹതാരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു അറബ് ടിവി ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ അല്‍ നസറിന്റെ മുന്‍ ഗോള്‍കീപ്പറായിരുന്ന വലീദ് അബ്ദുള്ള പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മതംമാറ്റത്തെക്കുറിച്ച് റൊണാള്‍ഡോയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും ദി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ”റൊണാള്‍ഡോ യഥാര്‍ത്ഥത്തില്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചു. ഒരിക്കല്‍ ഗോള്‍ നേടിയ ശേഷം അദ്ദേഹം മൈതാനത്ത് സുജൂദ് (പ്രണാമം) നടത്തിയിട്ടുണ്ട്. മാത്രമല്ല ഇസ്ലാമിക പാരമ്പര്യം പിന്തുടരാന് അദ്ദേഹം സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.” – വലീദ് പറഞ്ഞു.
ടീമിലെ ഇസ്ലാം മതത്തില്‍പ്പെട്ട അംഗങ്ങളുമായി വളരെ അടുത്ത ബന്ധം വളര്‍ത്തിയെടുക്കാനും അതുവഴി ഇസ്ലാമിക പാരമ്പര്യങ്ങള്‍ മനസിലാക്കിയെടുക്കാനും റൊണാള്‍ഡോ അതീവ താത്പര്യം കാണിച്ചിട്ടുണ്ട്. പരിശീലന സെഷനുകളില്‍ തന്റെ സഹതാരങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ ആവശ്യമായ സമയമുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കാറുണ്ടായിരുന്നുവെന്നും വലീദ് കൂട്ടിച്ചേര്‍ത്തു.
റയല്‍ മാഡ്രിഡിലെ അദ്ദേഹത്തിന്റെ മുന്‍ സാഹതാരങ്ങളായിരുന്ന കരീം ബെന്‍സേമയും മെസ്യുട്ട് ഓസിലും ഇക്കാര്യത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും വലീദ് വെളിപ്പെടുത്തി.