16 മാസത്തോളമായി പരാതി നൽകിയിട്ടും നിസാരമായി കണ്ടു; അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ ബേക്കൽ പൊലീസിനെതിരെ കുടുംബം
കാസർകോട്: ബേക്കല്‍ പൊലീസില്‍ 16 മാസത്തോളമായി പരാതി നൽകിയെങ്കിലും അവർ നിസാരമായാണ് അത് കണ്ടത്. പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ ബേക്കൽ പൊലീസിനെതിരെ ആരോപണവുമായി ഗഫൂർ ഹാജിയുടെ സഹോദരങ്ങൾ.
പ്രതികളുടെ പേരുവരെ പറഞ്ഞുകൊടുത്തിട്ടും ഒന്നും ചെയ്തില്ലെന്നും സഹോദരങ്ങൾ ആരോപിച്ചു. അന്ന് പറഞ്ഞ അതേ ആളുകളെയാണ് ഇന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബേക്കൽ പൊലീസ് നിസാരമായാണ് കണ്ടത്. അതുകൊണ്ടാണ് പ്രതികളെ പിടികൂടാൻ വൈകിയതെന്ന് സഹോദരൻ പറഞ്ഞു. പിടിയിലായ സംഘത്തിന് കര്‍ണാടകത്തില്‍ അടക്കം കണ്ണികള്‍ ഉണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ഗഫൂർ ഹാജിയുടെ സഹോദരങ്ങൾ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമാണ്. 16 മാസത്തോളമായി ബേക്കൽ സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഒന്നും ചെയ്തില്ല. പ്രതികളുമായി സഹോദരന് ബന്ധമുണ്ടായിരുന്നു. ബേക്കൽ പൊലീസിൽ പോകുമ്പോൾ ഉമ്മയേയും ജ്യേഷ്ഠൻ്റെ ഭാര്യയേയും നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുന്നതാണ് പതിവ്. പൊലീസിന് മറ്റാരുടെയെങ്കിലും സ്വാധീനമുണ്ടായിരുന്നോ എന്നറിയില്ല.
പ്രതികൾക്ക് പിന്നിൽ വൻ സ്വാധീനമുണ്ട്. കർണാടകയിൽ ബന്ധമുണ്ട്. പല വീടുകളിലും ഇവർ പലതും ചെയ്തുവെച്ചിട്ടുണ്ട്. പേടികാരണം ആരും പുറത്തുപറയാതെ ഇരിക്കുകയാണ്. ഈ നാട്ടിൽ തന്നെ സംഘമായി ഉണ്ട്. ഏജൻ്റുമാർ മുഖേനയാണ് ആളുകളിലേക്കെത്തുന്നത്. ഇവർ പലരേയും ഭീഷണിപ്പെടുത്തുകയാണെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണെന്നും സഹോദരങ്ങൾ പറഞ്ഞു.