ഉപ്പള പത്വാടിയിലെ ലഹരിവേട്ട; വഴിമുട്ടി അന്വേഷണം!
കാസർകോട്: സംസ്ഥാനത്തെ വലിയ ലഹരിവേട്ടകളിലൊന്നായ ഉപ്പള പത്വാടിയിൽ വീട്ടിൽനിന്ന് 3.407 കിലോഗ്രാം എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ പിടികൂടിയ കേസിന്റെ അന്വേഷണം വഴിമുട്ടിയോ? സംഭവം നടന്നിട്ട് 2 മാസത്തിലേറെയായിട്ടും ഇതുവരെ കേസിൽ പിടികൂടിയത് ഒരാളെ മാത്രമാണ്. കൂട്ടുപ്രതികൾക്കായി പ്രത്യേകസംഘം അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ലെന്നും പ്രതികളെന്നു സംശയിക്കുന്ന ചിലർ വിദേശത്താണെന്നുമാണു പൊലീസ് പറയുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 20നു വൈകിട്ട് ഉപ്പള പത്വാടി അൽഫലാഹ് മൻസിലിൽ അഷ്കർ അലിയുടെ(26) വീട്ടിൽനിന്നാണ് എംഡിഎംഎ കൂടാതെ 642.65ഗ്രാം കഞ്ചാവ്, 96.65ഗ്രാം കൊക്കെയ്ൻ, 30 ലഹരി ഗുളികകൾ എന്നിവ പൊലീസ് പിടിച്ചെടുത്തത്. ഇതിൽ അഷ്കർ അലി മാത്രമാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ മറ്റു വിവരങ്ങൾ വെളിപ്പെടുത്താൻ സാധ്യമല്ലെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ അന്നു മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു.
സംഭവം നടക്കുമ്പോൾ മഞ്ചേശ്വരം സ്റ്റേഷനിലുണ്ടായിരുന്ന സിഐയെയും എസ്ഐയെയും പിന്നീട് സ്ഥലം മാറി പോയി. ഓഗസ്റ്റ് 30നു മേൽപറമ്പ് പൊലീസ് കൈനോത്ത് നിന്നു 49.33 ഗ്രാം എംഡിഎംഎയുമായി കർണാടക മൂഡിഗരെ സ്വദേശി കൊപ്പൽ ബൈത്തുസ്സലാം വീട്ടിൽ അബ്ദുൽറഹ്മാനെ(രവി) അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉപ്പള പത്വാടിയിൽ അഷ്കർ അലിയുടെ വീട്ടിൽ പരിശോധന നടത്തി വൻലഹരി വേട്ട പിടികൂടിയത്.
ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന ലഹരിമരുന്ന് ഉപ്പളയിലെത്തിക്കുന്നതിനു മുൻകൂറായി പണം നൽകിയത് ഉൾപ്പെടെയുള്ള ആളെയാണു പിടികൂടാനുള്ളത്. അഷ്കർ അലിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നെങ്കിലും തുടരന്വേഷണത്തിന് ആവശ്യമായ വിവരങ്ങളൊന്നും പ്രതിയിൽനിന്നു ലഭിച്ചില്ലെന്നാണു പൊലീസ് പറയുന്നത്. സംഭവത്തിൽ ഉന്നതബന്ധമുള്ള മഞ്ചേശ്വരം സ്വദേശികളായ ചിലർ ഇതിലുണ്ടെന്നു നേരത്തെ ആരോപണമുയർന്നിരുന്നു. എന്നാൽ ഇവരെയും ചോദ്യം ചെയ്തില്ല.
വിദേശത്തു നിന്നാണ് ഇതിന്റെ ഇടപാടുകൾ ഏറെയും നടന്നതെന്നാണു പൊലീസ് സംശയിക്കുന്നത്. എന്നാൽ ആ പ്രതികളിലേക്കും അന്വേഷണമെത്തിയില്ല. ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു ലഹരിമരുന്ന് എത്തിക്കുന്നതിനായി മുൻകൂറായി പണം നൽകുന്നയാളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല. അതിനാൽ ഇപ്പോഴും പൊലീസിന്റെ കണ്ണുവെട്ടിച്ചു ജില്ലയിലേക്കു വൻതോതിൽ ലഹരി ഉൽപന്നങ്ങൾ കടത്തുന്നതായി സൂചനയുണ്ട്.