ഡിജിറ്റൽ തട്ടിപ്പ് കണ്ടെത്താനെന്ന പേരിൽ ‘ഡിജിറ്റൽ അറസ്റ്റ്’; വീട്ടമ്മയിൽനിന്ന് 4.12 കോടി തട്ടി
കാക്കനാട്: വീട്ടമ്മയെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് 4.12 കോടി തട്ടിയെടുത്ത കേസില്‍ യുവാക്കള്‍ പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസില്‍ (22), കെ.പി. മിഷാബ് (21) എന്നിവരാണ് കൊച്ചി സൈബര്‍ പോലീസിന്റെ പിടിയിലായത്. ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് കാക്കനാട് വാഴക്കാല സ്വദേശിനിയുടെ പണമാണ് തട്ടിയെടുത്തത്.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത്: വീട്ടമ്മയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഉണ്ടാക്കിയ അക്കൗണ്ട് വഴി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു പ്രതികള്‍ ഇവരെ ഫോണില്‍ വിളിച്ചത്. ഡിജിറ്റല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും അക്കൗണ്ടിലെ പണം തട്ടിപ്പിലൂടെ നേടിയെടുത്തതാണോ എന്ന് പരിശോധിക്കുന്നതിനായി പണം അയച്ചുനല്‍കാനും നിര്‍ദേശിച്ചു.
പണം അയച്ചില്ലെങ്കില്‍ വീട്ടമ്മയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ എസ്.ബി.ഐ. ശാഖകളില്‍ തന്റെ പേരില്‍ ഉണ്ടായിരുന്ന 4.11 കോടി രൂപയും പരാതിക്കാരി പ്രതികള്‍ നല്കിയ അക്കൗണ്ടുകളിലേക്ക് പല ദിവസങ്ങളിലായി ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരം സൈബര്‍ അസി. കമ്മിഷണര്‍ എം.കെ. മുരളിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
നഷ്ടമായ തുകയുടെ വലിയൊരു പങ്ക് മലപ്പുറത്തുനിന്നാണ് പിന്‍വലിക്കപ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിവിധ ആളുകളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പണം ശേഖരിച്ച് അതുവഴി പണം പിന്‍വലിക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടരന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.
യുവാക്കളായ പ്രതികള്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്. രാജ്യവ്യാപകമായി നടക്കുന്ന തട്ടിപ്പില്‍ നിരവധി പ്രതികള്‍ ഉള്ളതായും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷ്, എ.എസ്.ഐ. ശ്യാംകുമാര്‍, പോലീസുകാരായ ആര്. അരുണ്‍, അജിത്ത് രാജ്, നിഖില്‍ ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.