രാജപുരം :കാഞ്ഞങ്ങാട് പാണത്തൂർ ഭാഗമണ്ഡല ദേശീയപാത പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നു. മുൻ എംപി പി കരുണാകരന്റെ പരിശ്രമത്തിൽ പ്രഖ്യാപിച്ച മലയോര മേഖലയിലൂടെ കടന്ന് പോകുന്നതും കർണാടക സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നതുമായ കാഞ്ഞങ്ങാട് പാണത്തൂർ ഭാഗമണ്ഡല മടിക്കേരി ദേശീയപാത പദ്ധതിയാണ് കേന്ദ്രസർക്കാർഉപേക്ഷിക്കുന്നത്.
രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ സമ്മർദം ഇല്ലാതെ വന്നതാണ് പാതക്ക് പാരയായത്. മൂന്ന് വർഷം മുമ്പാണ് ദേശീയപാത റോഡ് വികസന പട്ടികയിൽ കാഞ്ഞങ്ങാട് പാണത്തൂർ ഭാഗമണ്ഡല റോഡ് ഉൾപ്പെടുത്തിയത്. റോഡിന്റെ അലൈമെന്റ് സർവേ നടത്തി കേന്ദ്ര ഉപരിതലഗതാഗത വകുപ്പിന് കൈമാറിയിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും തുടർനടപടി സ്വീകരിച്ചില്ല.
ദേശീയപാതയുടെ ഡിപിആർ സർവേ 2018 ഏപ്രിലിൽ പൂർത്തിയാക്കി റിപ്പോർട്ട് ദേശീയപാത വിഭാഗത്തിന് കൈമാറിയിരുന്നു. ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ രാജീവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സി ജെ കൃഷ്ണൻ, ഡിപിആർ സർവേ കരാറെടുത്ത സേലം മുകേഷ് ആൻഡ് അസോസിയേറ്റ്സ് കമ്പനി ഡയറക്ടർ എം മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ സർവേ റിപ്പോർട്ടും അലൈമെന്റ് റിപ്പോർട്ടും തയ്യറാക്കി നൽകി. കാഞ്ഞങ്ങാട്, മാവുങ്കാൽ, അമ്പലത്തറ, പാറപ്പള്ളി, ഇരിയ, ഓടയംചാൽ, ചുള്ളിക്കര, രാജപുരം, മാലക്കല്ല്, കോളിച്ചാൽ, പനത്തടി, ബളാംതോട്, പാണത്തൂർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ട്രാഫിക്ക്, വാഹനങ്ങളുടെ എണ്ണം, മണ്ണിന്റെ ഘടന, കയറ്റം കുറക്കൽ, വളവുകൾ നികത്തൽ, പാലങ്ങളുടെ എണ്ണം, വനമേഖല, കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ, ജനസംഖ്യ, കച്ചവടസ്ഥാപനങ്ങൾ, ഭൂമി എന്നീ വിവരങ്ങൾ പരിശോധിച്ചു. രണ്ടരകോടി രൂപയാണ് സർവേക്കായി അനുവദിച്ചത്.
നിലവിൽ കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതക്ക് 25 മുതൽ 35 മീറ്റർ വരെ വീതിയുണ്ട്. ദേശീയപാതക്ക് 45 മീറ്റർ വീതി വേണം. ഗ്രാമീണ മേഖലയിലയായതിനാൽ 35 മീറ്ററായി കുറച്ച് തരണമെന്ന് ആവശ്യപ്പെട്ട് പി കരുണാകരൻ കേന്ദ്രമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. കാഞ്ഞങ്ങാട് മുതൽ പാണത്തൂർ വരെ 44 കിലോമീറ്ററും പാണത്തൂരിൽ നിന്നും മടിക്കേരിക്ക് 57 കിലോമീറ്ററുമാണുള്ളത്. പാത യഥാർഥ്യമായാൽ കാഞ്ഞങ്ങാട് മടിക്കേരി ദൂരം 97 കിലോമീറ്ററുള്ളത് 73 ആയി ചുരുങ്ങും.