ഫസീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം സനൂഫിന്റെ പരക്കംപാച്ചിൽ, പീഡനത്തിന് പരാതി നൽകിയതിന്റെ വൈരാഗ്യമെന്ന് സംശയം, ചെന്നൈയിൽ പിടിയിലായ പ്രതിയെ കോഴിക്കോട്ട് എത്തിക്കും
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ചൊവ്വാഴ്ച സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം കൂടെയുണ്ടായിരുന്ന അബ്ദുൽ സനൂഫ് കടന്നുകളയുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.
സനൂഫിനെതിരെ ഫസീല മുൻപ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ കേസ് പിന്നീട് ഒത്തുതീർപ്പായിരുന്നു. ഇതിനു ശേഷവും ഫസീലയും സനൂഫും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. പൊലീസ് മൂന്നു സംഘമായാണ് പ്രതിക്കായി തിരച്ചിൽ നടത്തിയത്. സനൂഫ് ബെംഗളുരു മജസ്റ്റിക്കിൽ നിന്ന് സുഹൃത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ബെംഗളൂരുവിലെത്തിയിരുന്നു. പ്രതിക്കുവേണ്ടി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.
യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ സനൂഫ് കാറിൽ പാലക്കാടേയ്ക്ക് പോയിരുന്നു. അയൽ സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നു പോയിട്ടുണ്ടാകും എന്നായിരുന്നു പൊലീസ് നിഗമനം. ഇതേത്തുടർന്നു തമിഴ്നാട്ടിലും കർണാടകയിലും സനൂഫിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് ചെന്നൈയിൽ നിന്നു കസ്റ്റഡിയിലെടുത്തത്. സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ലോഡ്ജിൽ മുറിയെടുത്തത്. മൂന്ന് ദിവസത്തേക്കാണ് മുറിയെടുത്തത്. ജീവനക്കാർ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു. പണം എടുക്കണമെന്നു പറഞ്ഞ് പിന്നീട് ഇയാൾ ലോഡ്ജിൽ നിന്നു ഇറങ്ങിപ്പോയി.
സനൂഫ് ലോഡ്ജിൽ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഇതു വ്യാജമാണെന്നു കണ്ടെത്തി. ഇയാൾ വന്ന കാർ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്കൂളിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ചൊവ്വാഴ്ച രാത്രി കണ്ടെത്തി. സനൂഫ് ലോഡ്ജിൽ നൽകിയ മേൽവിലാസത്തിലല്ല ഇയാൾ താമസിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രണ്ട് തവണ വിവാഹ മോചിതയായ ഫസീല നേരത്തെ സനൂഫിനെതിരെ പീഡനത്തിനു പരാതി നൽകിയിരുന്നു. ഇതിൻ്റെ വൈരാഗ്യമാകാം കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കരുതുന്നത്. വിവാഹ മോചന കേസ് നടക്കുന്നതിനിടെയാണ് സനൂഫിനെ ഫസീല പരിചയപ്പെടുന്നത്.