17കാരൻ ആറ്റിൽ മുങ്ങിത്താഴ്ന്ന വിവരം മറച്ചുവച്ച് കൂട്ടുകാർ, മൃതദേഹം കണ്ടെത്തിയത് 6 ദിവസങ്ങൾക്ക് ശേഷം
കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം ആറ്റില്‍ കണ്ടെത്തി.കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന് അച്ചു ആണ് മരിച്ചത്.
പതിനേഴ് വയസ്സായിരുന്നു. അച്ചു ആറ്റിൽ മുങ്ങിത്താഴുന്നത് സുഹൃത്തുക്കൾ കണ്ടെങ്കിലും പേടിച്ച് അത് പുറത്തു പറയാതിരിക്കുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു അച്ചു.
ഏറെ വൈകിയിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല. അച്ചുവിനേ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 23-ാം തീയതിയാണ് അച്ചുവിനെ കാണാതാവുന്നത്.
പൊലീസ് സുഹൃത്തുക്കളോട് ചോദിച്ചെങ്കിലും തങ്ങൾക്കൊപ്പം അച്ചു കുളിക്കാൻ വന്നിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി.
വീണ്ടും പൊലീസ് കൂട്ടുകാരെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്ത് പറഞ്ഞത്.
അച്ചു ആറ്റിൽ മുങ്ങിതാഴ്ന്നുവെന്നും പേടിച്ചിട്ടാണ് ആരോടും പറയാതിരുന്നത് എന്നും കൂട്ടുകാര്‍ സമ്മതിക്കുകയായിരുന്നു.
തുടർന്ന് അഗ്നിരക്ഷാസേന സ്കൂബ സംഘം നടത്തിയ തെരച്ചിലില്‍ ഇത്തിക്കരയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു.