എന്തിനാണ് പെന്‍ഷനില്‍ കയ്യിട്ടുവാരുന്നത് ?ദ്രോഹമാണിത്,കര്‍ശന നടപടി വേണം- കെ.മുരളീധരന്
കോഴിക്കോട്: ക്ഷേമപെന്ഷന് നിയമവിരുദ്ധമായി കൈപ്പറ്റിയ സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ഒരു ബിഎംഡബ്ല്യൂ കാറിന് വേണ്ട പെട്രോളിനുള്ള കാശിന്റെ പകുതി പോലുമില്ല 1600 രൂപ. എന്തിനാണ് അതില്‍ കയ്യിട്ടുവാരുന്നത് ? അത് ചെയ്യുന്നവര്‍ നാടന്‍ ഭാഷയില്‍ പെറുക്കികളാണെന്നും അത് അവര്‍ക്ക് കൊടുക്കുന്നവര്‍ അതിലേറെ കഷ്ടമാണെന്നും മുരളീധരന് പറഞ്ഞു.
ഒരു മാസം ഒരു ലക്ഷം വരുമാനമുള്ള വിദ്വാന്മാര് വെറും 1600 രൂപ വാങ്ങുകയെന്നത് മനപ്പൂര്‍വമുള്ള ദ്രോഹമാണെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശക്തമായുള്ള നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം ലഭിക്കുന്ന പദ്ധതിയാണ് ക്ഷേമപെന്ഷന്. ജീവിതം വഴിമുട്ടിയവര്‍ക്ക് മാസം 1600 രൂപ കിട്ടുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയില്‍ നിന്ന് പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കൈയിട്ടുവാരുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്.
ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പണം പലിശ സഹിതം തിരിച്ചുപിടിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കഴിഞ്ഞദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.