തിരുവനന്തപുരം: സർവകലാശാലയിൽ മന്ത്രി കെ.ടി. ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സർവകലാശാല ഉദ്യോഗസ്ഥരും പങ്കെടുത്ത് ഫയൽ അദാലത്ത് സംഘടിപ്പിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും നിയമവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ..മന്ത്രിയുടെ നിർദ്ദേശാനുസരണം സർവകലാശാല അദാലത്ത് സംഘടിപ്പിച്ചതും, തോറ്റ ബി.ടെക് വിദ്യാർത്ഥിയെ വീണ്ടും മൂല്യനിർണയം നടത്തി വിജയിപ്പിക്കാൻ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി നൽകിയ പരാതിയിൽ പരാതിക്കാരുടെയും സർവകലാശാലയുടെയും വിശദീകരണങ്ങൾ നേരിട്ട് കേട്ടശേഷമാണ് ചാൻസലർ കൂടിയായ ഗവർണർ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്.സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ശശികുമാർ, സെക്രട്ടറി ഷാജർഖാൻ എന്നിവർക്ക് വേണ്ടി അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സാങ്കേതിക സർവകലാശാല വി.സി. രാജശ്രീക്ക് വേണ്ടി യൂണിവേഴ്സിറ്റി സ്റ്റാൻഡിംഗ് കോൺസൽ എഡ്വിൻ പീറ്ററുമാണ് ഹിയറിംഗിനു ഹാജരായത്.ഗവർണറുടെ ഉത്തരവ് ഇങ്ങനെസർവകലാശാലാ അധികൃതർക്ക് നിർദ്ദേശങ്ങളും ശുപാർശകളും നൽകാനായി അദാലത്തുകൾ സംഘടിപ്പിക്കാമെന്ന് സർവകലാശാലാ ചട്ടങ്ങൾ അനുശാസിക്കുന്നില്ല. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഫയൽ അദാലത്ത് കമ്മിറ്റി രൂപീകരിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും യൂണിവേഴ്സിറ്റി ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കാൻ തനിക്ക് ഒരു മടിയും ഇല്ല.സ്വയംഭരണ സ്ഥാപനം ആയതിനാൽ സർവകലാശാലയുടെ ആഭ്യന്തരകാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടാൻ പാടില്ലെന്ന് 2003ലെ സുപ്രീം കോടതി ഉത്തരവിലുണ്ട്. നടന്നതൊക്കെ നടന്നു കഴിഞ്ഞ സ്ഥിതിക്ക് അദാലത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായാന്യായങ്ങളിലേക്ക് താൻ കടക്കുന്നില്ല. മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും യൂണിവേഴ്സിറ്റി അധികൃതർ കൃത്യമായി പാലിക്കണം.തോറ്റ ഒരു ബി.ടെക് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് മൂന്നാമത് മൂല്യനിർണയം നടത്തിയ അദാലത്ത് തീരുമാനം റദ്ദാക്കണമെന്ന പരാതിക്കാരുടെ ആവശ്യത്തിൽ വിദ്യാർത്ഥിയുടെ ഭാവിയെ കരുതി ഇടപെടുന്നില്ല. എന്നാൽ ഇത് ഒരു കീഴ്വഴക്കമായി കാണരുത്. പരീക്ഷാനടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഉണ്ടാകുന്ന ക്രമക്കേടുകൾ സർവകലാശാലയുടെ സൽപ്പേരിനെ ബാധിക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു..