വളപട്ടണത്തെ കവര്‍ച്ച; ലോക്കര്‍ തുറന്നത് കൃത്യമായ അറിവുള്ളയാള്‍
കണ്ണൂര്‍: അരിവ്യാപാരി കെ.പി.അഷറഫിന്റെ വളപട്ടണത്തെ വീട്ടിലെ കവര്‍ച്ചക്കേസില്‍ ബെംഗളൂരുവിലെത്തിയ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ബെംഗളൂരുവില്‍നിന്നാണ് അഷറഫിന്റെ വീട്ടിലെ ലോക്കര്‍ വാങ്ങിയിരുന്നത്. ലോക്കര്‍ എത്തിച്ച സ്ഥാപനത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. താക്കോലിടുമ്പോള്‍ ലിവര്‍ കൃത്യമായി നീക്കിയാലേ ലോക്കര്‍ തുറക്കാനാകൂ. ഒരു താക്കോല്‍ ഉപയോഗിച്ചും രണ്ടാമത് മറ്റൊരു താക്കോലും ലിവറും ഒരേസമയം പ്രവര്‍ത്തിപ്പിച്ചുമാണ് ഈ ലോക്കര്‍ തുറക്കാനാകുക. ഈ രീതി കൃത്യമായി പാലിച്ചാണ് ലോക്കര്‍ തുറന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഈ സാങ്കേതികവിദ്യ അറിയുന്നയാള്‍ക്കുമാത്രമേ ലോക്കര്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ. ലോക്കറിന്റെ സാങ്കേതികവിദ്യയെയും സര്‍വീസ് രീതികളെയുംപറ്റി ആരെങ്കിലും സ്ഥാപനത്തില്‍ ബന്ധപ്പെട്ടിരുന്നുവോയെന്ന കാര്യവും അന്വേഷണസഘം പരിശോധിച്ചു. അതേസമയം പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. കവര്‍ച്ച നടന്ന വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവും പ്രദേശത്തുനിന്ന് ശേഖരിച്ച 113 സി.സി.ടി.വി. ദൃശ്യങ്ങളുടെ പകര്‍പ്പും പരിശോധിച്ച് വരികയാണ്.