ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി; പ്രസവത്തിൽ കുഞ്ഞിൻ്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതായി കുടുംബം
ആലപ്പുഴയിലെ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. പ്രസവത്തിൽ കുഞ്ഞിൻ്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതായി കുടുംബം ആരോപിച്ചു. നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ പരാതി.
പ്രസവത്തിൽ കുഞ്ഞിന്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ടതായി പരാതിയിൽ കുടുംബം പറയുന്നു. ഡോക്ടർ പുഷ്പക്ക് എതിരെയാണ് വീണ്ടും ആരോപണം. വാക്വം ഡെലിവെറിയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആറു മാസത്തിനുള്ളിൽ ഭേദമാകും എന്ന് ഉറപ്പു നൽകിയിരുന്നുവെന്നും കുഞ്ഞിന്റെ പിതാവ് വിഷ്ണു പറഞ്ഞു.
ഹൈറിസ്ക് ബ്ലീഡിങ് ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഡിസ്ചാർജ് സമ്മറിയിൽ പറയുന്നില്ലെന്ന് കുടുംബം പറയുന്നു. പകുതി സ്റ്റിച്ചിട്ട് ഡോക്ടർമാർ വീട്ടിൽ പോയെന്ന് കുടുംബം ആരോപിച്ചു. കുഞ്ഞിന്റെ കൈ പൊക്കാൻ നേരത്ത് കുഞ്ഞിന് വേദനയാണെന്നും മൂന്നു മാസം വരെ നോക്കാമെന്നാണ് ഡോക്ടർ പറയുന്നതെന്ന് കുടുംബം പറയുന്നു. മൂന്നു മാസം കഴിഞ്ഞിട്ടും ശരിയായില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർ പറഞ്ഞതെന്നും കുടുംബം ആരോപിച്ചു.
അതേസമയം ഇന്നലെ രംഗത്തെത്തിയ ദമ്പതികളുടെ കുഞ്ഞിന് ഗുരുതര വൈകല്യങ്ങളാണ് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തി കിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കില്‍ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.
അതേസമയം സംഭവത്തില്‍ പ്രതികരിച്ച് ആരോപണ വിധേയയായ ഡോക്ടർ പുഷ്പ രംഗത്തെത്തി. ദമ്പതികൾ തന്നെ കണ്ടത് ആദ്യത്തെ രണ്ട് മാസത്തിലാണെന്നും ആ സമയത്ത് ശിശുവിന്റെ വൈകല്യം കണ്ടെത്താൻ കഴിയില്ലെന്നും ഡോക്ടർ പറഞ്ഞു. തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഡോ. പുഷ്പ പറഞ്ഞു.