ഏഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ മദ്രസ അധ്യാപകന് 33 വര്‍ഷം തടവ്
പുനലൂര്‍: ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയാക്കിയ മദ്രസ അധ്യാപകന് 33 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ചേമ്പ്രശ്ശേരി വള്ളല്ലൂര്‍ ഉച്ചപ്പള്ളില്‍ വീട്ടില്‍ മുഹമ്മദ് റംഷാദി(35)നെയാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ഡി.ബൈജു ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.
പിഴ ഒടുക്കാത്തപക്ഷം പത്തുമാസംകൂടി കഠിനതടവും അനുഭവിക്കണം. കൂടാതെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നഷ്ടപരിഹാരം നല്‍കണം.
പുനലൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ എം.എസ്.അനീഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.അജിത് ഹാജരായി.