പെരിന്തല്‍മണ്ണ കവര്‍ച്ച: സ്വര്‍ണവും പണവും കണ്ടെടുത്തു
പെരിന്തല്‍മണ്ണ : ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്തിയ കേസിലെ നഷ്ടപ്പെട്ട സ്വര്‍ണം പോലീസ് കണ്ടെടുത്തു. 1.723 കിലോഗ്രാം സ്വര്‍ണവും 32,79,500 രൂപയും സ്വര്‍ണം ഉരുക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെടുത്തത്. ആഭരണങ്ങളായി ലഭിച്ച കല്ലുവെച്ച വളകള്‍ തൃശൂരിലെ ക്ഷേത്ര ഭണ്ഡാരത്തില് നിന്നുമാണ് ലഭിച്ചത്.
കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശികളുടെ വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണവും പണവും. കവര്‍ച്ച ചെയ്ത സ്വര്‍ണം ഉരുക്കി ഏഴ് കട്ടികളാക്കിയാണ് ഇവര്‍ സൂക്ഷിച്ചിരുന്നത്. തൃശൂര്‍ കിഴക്കുംപാട്ടുകര സ്വദേശി മിഥുന്‍രാജ് എന്ന അപ്പുവിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണത്തിന്റെ നാല് ഉരുക്കിയ കട്ടികള്‍ കണ്ടെടുത്തത്. തൃശൂര്‍ കണ്ണാറ കഞ്ഞിക്കാവില്‍ ലിസണ്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് രണ്ട് സ്വര്‍ണക്കട്ടകളും 500 ഗ്രാം സ്വര്‍ണം വിറ്റതിന്റെ 32,79,500 രൂപയും പോലീസ് കണ്ടെടുത്തത്.
പ്രതിയായ പീച്ചി കണ്ണാറ പായ്യാംകോട്ടില്‍ സതീഷിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഉരുക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു. കവര്‍ച്ച ചെയ്ത സ്വര്‍ണത്തിന്റെ ഏറിയ പങ്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടെടുക്കാനായി. കേസുമായി ബന്ധപ്പെട്ട് രണ്ട് വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസില്‍ 1.723 കിലോ സ്വര്‍ണവും 32.79 ലക്ഷം രൂപയും പിടിച്ചെടുത്തെങ്കിലും കടയുടമകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം ഇനിയും കണ്ടെത്തേണ്ടതുണ്ട്. മൂന്ന് കിലോ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര് വിശ്വനാഥിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി. ടി കെ ഷൈജു, പോലീസ് ഇന്‍സ്പെക്ടമാരായ സുമേഷ് സുധാകരന്, എ ദീപകുമാര്‍, പി സംഗീത്, സി വി ബിജു, എസ് ഐമാരായ എന്‍ റിഷാദലി, ഷാഹുല്‍ ഹമീദ് എന്നിവരടങ്ങുന്ന ജില്ലാ പോലീസും ജില്ലാ ഡാന്‍സാഫ് സ്ക്വാഡുകളുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.