സ്കൂൾ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു; സ്കൂൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
റായ്പുർ: ഛത്തീസ്ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. 2 പേർ സ്കൂൾ അധ്യാപകരും മറ്റൊരാൾ വനംവകുപ്പ് ഉദ്യോഗസ്ഥനുമാണ്.
ഇരയായ 17 വയസ്സുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തതായി ഐജി അങ്കിത് ഗാർഗ് സ്ഥിരീകരിച്ചു. പെൺകുട്ടിക്ക് നേരെ 2 തവണ ലൈംഗികാതിക്രമം നടന്നതായാണ് പരാതിയിൽ പറയുന്നത്. “നവംബർ 15 നാണ് ആദ്യമായി ഇങ്ങനെ സംഭവിച്ചത്.
ഭയം കാരണം അവൾ അത് ആരോടും വെളിപ്പെടുത്തിയില്ല. നവംബർ 22ന് രണ്ടാം തവണയും ബലാത്സംഗത്തിനിരയായി. ചൊവാഴ്ചയാണ് ഞങ്ങൾക്ക് പരാതി ലഭിച്ചത്. സംഭവത്തിൽ നാലു പ്രതികളുടെയും പങ്ക് അന്വേഷിക്കുകയാണ്. മറ്റ് ആരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെയോന്നും അന്വേഷിക്കും’’ – അങ്കിത് ഗാർഗ് പറഞ്ഞു.
സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് അധ്യാപകരായ അശോക് കുമാർ കുശ്വാഹ, കുശാൽ സിങ് പരിഹാർ, സർക്കാർ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്റർ ദേവഗഢ് രവീന്ദ്ര സിങ് കുശ്വാഹ, വനം വകുപ്പ് ജീവനക്കാരൻ ബൻവാരി സിങ് എന്നിവരാണ് തിരിച്ചറിഞ്ഞ പ്രതികൾ. പോക്സോ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.