ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; കണ്ണൂർ സ്വദേശി പിടിയിൽ.
കൊച്ചി: ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശി പിടിയിൽ. ഇടപ്പള്ളി ടോൾ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ ജില്ലയിലെ വെള്ളോറ കാരിപിള്ളി കണ്ടക്കിയിൽ വീട്ടിൽ നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും ജിമ്മിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
സംഭവത്തിൽ നൗഷാദിൻ്റെ സഹായിയും കൂട്ടുപ്രതിയുമായ മലപ്പുറം കോഡൂർ ചെമ്മനക്കടവ് സ്വദേശി വിനോദിനായി പൊലീസ് തെരച്ചിൽ തുടങ്ങി. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്. ബാംഗ്ലൂർ, ഒഡീഷ ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഇടനിലക്കാർ വഴിയാണ് ഇവർ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് പ്രിവൻറീവ് ഓഫീസർ പി. ജെ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സെയ്ത് വി.എം, ഇഷാൽ അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.