കിടപ്പുമുറിയിൽ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ഡൽഹി: സ്വന്തം വസതിയിൽ കിടപ്പുമുറിയിൽ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽഹിയിലെ പഞ്ചശീൽ പാർക്കിലെ മൂന്ന് നില വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് 64കാരനായ വ്യവസായിയെ കഴുത്തറുത്തും കുത്തേറ്റും മരിച്ച നിലയിൽ കണ്ടെത്തിയത്. റോഹിത് അലഹ് എന്ന വ്യാപാരിയെയാണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പതിവ് സമയം ആയിട്ടും പിതാവ് കിടപ്പ് മുറിയിൽ നിന്ന് പുറത്ത് വരാതിരുന്നതിന് പിന്നാലെ മുറിയിലെത്തിയ മകനാണ് മരിച്ച നിലയിൽ 64കാരനെ കണ്ടെത്തിയത്. മൂന്ന് നിലയുള്ള വീടിന്റെ താഴെ നില 64കാരനായിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ടാം നില വ്യാപാരിയുടെ വീട്ടുകാരും മൂന്നാം നിലയിൽ വാടകക്കാരുമാണ് തങ്ങിയിരുന്നത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് പോലീസിനെ വീട്ടുകാർ ബന്ധപ്പെടുന്നത്. നെഞ്ചിൽ കുത്തേറ്റ് ചോര ഒഴുകുന്ന നിലയിലായിരുന്നു പോലീസ് എത്തുമ്പോൾ മൃതദേഹം കിടന്നിരുന്നത്. നിരവധി തവണ വയോധികന്റെ വയറിലും കുത്തേറ്റതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.