വളപട്ടണം കവര്‍ച്ച;വീട്ടില്‍ മോഷ്ടാക്കള്‍ വീണ്ടുമെത്തി,പിന്നില്‍ അടുത്തറിയുന്നവര്‍ തന്നെയെന്ന് നിഗമനം
കണ്ണൂര്‍: അരി വ്യാപാരി കെ.പി. അഷ്റഫിന്റെ വളപട്ടണത്തെ വീട്ടിൽ വൻ കവര്‍ച്ച നടന്നതിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഷണം നടന്ന വീട്ടില്‍ തൊട്ടടുത്ത ദിവസവും മോഷ്ടാക്കള്‍ എത്തിയിരുന്നുവെന്നാണ് പുതിയ വിവരം. അഷ്റഫിന്റെ വീട്ടിലെ പോര്‍ച്ചില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിലാണ് തലേദിവസം വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച അതേ രീതിയില്‍ വീട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ആളുകളുടെ നിഴല്‍ രൂപം പതിഞ്ഞത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വീട്ടില്‍ ആളുകളില്ലെന്ന് അറിയുന്നയാളുകളാണ് മോഷണം നടത്തിയതെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. കവര്‍ച്ചയ്ക്ക് പിന്നില്‍ വീട്ടുകാരെ നേരിട്ടറിയുന്നവര്‍ തന്നെയെന്ന നിഗമനത്തിലാണ് പോലീസ്.
അഷറഫിന്റെ വീടിന് ചുറ്റുമുള്ള മതിലില്‍നിന്ന് അദ്ദേഹത്തിന്റെ വീടിനുള്ളിലേക്ക് കടക്കാന്‍ കവര്‍ച്ചക്കാര്‍ തകര്‍ത്ത ജനലിനരികില്‍നിന്ന് ഏതാനും വിരലടയാളങ്ങള്‍ ഫൊറന്‍സിക് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. വീട്ടിനുള്ളില്‍ കവര്‍ച്ചക്കാര്‍ മറന്നുവെച്ചതെന്ന് കരുതുന്ന ഉളിയില്‍നിന്നും ചില വിരലടയാളങ്ങള്‍ കിട്ടിയിട്ടുണ്ട്.
സംഭവത്തില്‍ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അഷറഫുമായി അടുപ്പമുള്ളവരുടെയും ജീവനക്കാരുടെയും അയല്‍വാസികളുടെയും ഫോണ്‍കോളുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. പ്രതികള്‍ സംസ്ഥാനം വിട്ടെന്ന സംശയത്തില്‍ അന്യസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയുള്ള ആസൂത്രിത കവര്‍ച്ചയാണ് നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മോഷണ ക്വട്ടേഷന്‍ സംശയവും അന്വേഷണ സംഘത്തിനുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. 300 പവന്റെ ആഭരണങ്ങളും ഒരുകോടി രൂപയുമാണ് കവര്‍ന്നത്