ഐപിഎല്ലിൽ കേരളത്തിന് സർപ്രൈസായി വിഘ്നേഷ് മുംബൈയിൽ; സച്ചിൻ ഹൈദരാബാദിലും വിഷ്ണു പഞ്ചാബിലും കളിക്കും
കേരളത്തിൽ നിന്നും ഐപിഎല്ലിലെ സർപ്രൈസ് എൻട്രിയായി മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസ് ടീമിൽ. 30 ലക്ഷം നൽകിയാണ് മലയാളിയായ ഈ ഓൾറൗണ്ടറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. വിഷ്ണു വിനോദും സച്ചിൻ ബേബിയുമാണ് ഐപിഎൽ ടീമുകൾ വാങ്ങിയ മറ്റു രണ്ടു മലയാളി താരങ്ങൾ. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണു വിനോദിനെ 95 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിനു വേണ്ടിയും വിഷ്ണു വിനോദ് ഏതാനും മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനായി സെഞ്ചുറി നേടിയതാരമാണ് വിഷ്ണു വിനോദ്.
മറ്റൊരു മലയാളി താരമായ സച്ചിൻ ബേബിയെ 30 ലക്ഷത്തിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. സച്ചിൻ ബേബിയുടെ അടിസ്ഥാന വിലയും 30 ലക്ഷം തന്നെയായിരുന്നു. കേരള ക്രിക്കറ്റ് ലീഗിൻറെ പ്രഥമ സീസണിൽ വിജയികളായ ഏരീസ് കൊല്ലം സെയിലേഴ്സിന്റെ ക്യാപ്റ്റയിരുന്നു 35 കാരനായ സച്ചിൻ ബേബി.