കഴിച്ചു തീർത്ത ഭക്ഷണത്തിന്റെ ബാക്കി, ചതഞ്ഞരഞ്ഞ അഞ്ച് ജീവനുകൾ: നേരം പുലരുന്നതിനിടെ നാട്ടികക്കാർ കണ്ടത് അതിദാരുണ കാഴ്ച
തൃശൂർ: ഇത്രയും വലിയ അപകടം നാട്ടികയിലുള്ളവർ അടുത്തൊന്നും കണ്ടിട്ടില്ല. അത്രയ്ക്കും ഭീകരമായിരുന്നു അപകട സ്ഥലത്തെ കാഴ്ചകൾ. ചൊവ്വാഴ്ച പുലർച്ചെ നാലേ കാലോടെയായിരുന്നു നാടോടി സംഘത്തിലെ അഞ്ച് പേർ മരിക്കാനിടയായ ലോറി അപകടം സംഭവിച്ചത്. നിർമ്മാണം നടക്കുന്ന സ്ഥലത്ത് കിടന്നുറങ്ങിയ നാടോടി സംഘത്തിലെ അഞ്ച് പേരാണ് അതിദാരുണമായി മരണപ്പെട്ടത്. ആദ്യ കാഴ്ചയിൽ മൃതദേഹങ്ങൾ പലതും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. എത്ര പേർ മരിച്ചുവെന്ന് പോലും വ്യക്തമായിരുന്നില്ല. ഉടൻ തന്നെ വലപ്പാട് പൊലീസ് സ്ഥലത്തെത്തി.
റോഡിൽ ചിന്നിച്ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ വലിച്ചെടുക്കേണ്ട അവസ്ഥയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പലർക്കും അംഗഭംഗം സംഭവിച്ചിരുന്നു. തൃപ്രയാർ ഏകാദശി നടക്കുന്നതിനാൽ സമീപത്തെ ഗ്രൗണ്ടിൽ പാർക്കിംഗ് അനുവദിച്ചിരുന്നു. ഇതോടെയാണ് സംഘം കിടക്കാനായി ഹൈവേയിലേക്ക് മാറിയത്. റോഡിലേക്ക് വാഹനം വരാതിരിക്കാൻ കൃത്യമായ ദിശാ സൂചനകളും അധികൃതർ സ്ഥാപിച്ചിരുന്നു. ഇതുകൂടാതെ തെങ്ങിൻ തടികൾ വച്ചും കോൺക്രീറ്റ് ബാരിക്കേഡ് വച്ചും പ്രവേശനം തടഞ്ഞിരുന്നു. ഇതൊക്കെ മറികടന്നാണ് ലോറി നാടോടി സംഘത്തിന് ഇടയിലേക്ക് പാഞ്ഞു കയറിയത്.
രാവിലെയായിട്ടും മൃതദേഹങ്ങൾ പൂർണമായും നീക്കാൻ സാധിച്ചിട്ടില്ല. ചോറ്റുപാത്രവും ബാഗും ബക്കറ്റുമെല്ലാം റോഡിൽ ചിതറിത്തെറിച്ച നിലയിലാണ്. മൃതദേഹങ്ങൾ തുണിയിട്ട് മൂടിയ നിലയിലാണ്. ഭീകരമായ ഈ കാഴ്ച കണ്ട ഞെട്ടലിലാണ് പ്രദേശവാസികൾ. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നുപേരിൽ രണ്ടുപേരുടെ നില അതീവഗുരുതമാണ്. ജയവർദ്ധൻ, വിജയ്, ചിത്ര എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇവർക്കാവശ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം മെഡിക്കൽ കോളേജിന് നിർദേശം നൽകിയിട്ടുണ്ട്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനുണ്ട്. ഗോവിന്ദാപുരം ചെമ്മണതോട് സ്വദേശികളാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ച വിവരം.