കണ്ണൂരിലെ കവർച്ച; സി.സി. ടി.വി ദൃശ്യങ്ങൾ മൊബൈലിൽ നോക്കാൻ വൈകി, മോഷണമറിഞ്ഞത് അഞ്ചാംദിവസം
കണ്ണൂർ: ചുറ്റും സി.സി.ടി.വി. ക്യാമറ സ്ഥാപിച്ച് സുരക്ഷിതമാണെന്ന വിശ്വാസത്തിൽ തലയുയർത്തിനിന്ന വീട്ടിലാണ് നാടിനെയാകെ ഞെട്ടിച്ച കവർച്ച നടന്നത്. കെ.പി.അഷറഫിന്റെ മകൻ അദിനാൻ അഷറഫിന്റെ മൊബൈൽ ഫോണിൽ വീട്ടിൽനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ രാപകൽ പരിശോധിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാൽ, 19-ന് രാവിലെ വീട് പൂട്ടി തമിഴ്നാട്ടിലേക്ക് പുറപ്പെട്ട കുടുംബത്തിന്റെ ശ്രദ്ധയിൽ കവർച്ചയുടെ വിവരമെത്തിയത് 24-ന് രാത്രി 9.30-ഓടെ തിരിച്ചെത്തിയപ്പോൾ മാത്രമാണ്. കുടുംബം വീട് പൂട്ടിയിറങ്ങിയതിന്റെ തൊട്ടടുത്ത ദിവസമായ 20-ന് രാത്രി എട്ടിനും പിറ്റേന്ന് പുലർച്ചെ നാലിനും ഇടയിൽ കവർച്ച നടത്തിയതായാണ് അദിനാൻ നൽകിയ പരാതിയിൽ പറയുന്നത്. ഫോണിൽനിന്ന് ലഭിച്ച വീഡിയോദൃശ്യം പോലീസിന് കൈമാറിയിട്ടുമുണ്ട്. ഒരുപക്ഷേ കവർച്ചയുടെ വിവരം അന്നോ തൊട്ടടുത്ത ദിവസമോ അറിഞ്ഞിരുന്നെങ്കിൽ അത് അന്വേഷണത്തിന് ഏറെ ഗുണം ചെയ്യുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
മോഷണവിവരം അറിഞ്ഞതോടെ ബന്ധുവീട്ടിൽ തളർന്ന് കിടക്കുകയാണ് കെ.പി.അഷറഫ്. ഇപ്പോൾ പുറത്ത് വന്നതിലധികം കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് അറിയണമെങ്കിൽ അഷറഫിന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.