വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; ഒരു കോടി രൂപയും 300 പവനും മോഷണം പോയി
കണ്ണൂർ: വിവാഹാഘോഷം കഴിഞ്ഞെത്തിയ അഷറഫ് കണ്ട കാഴ്ച നെഞ്ച് തകർക്കുന്നതായിരിന്നു. വീട്ടിലെ അലമാരകൾ മുഴുവൻ പൂട്ട് പൊളിച്ച് തുറന്ന നിലയിൽ. സിസിടിവി തിരച്ചുവെച്ചിരിക്കുന്നു. ഈ മാസം 19 നാണ് കെ പി അഷറഫലി കുടുംബ സമേതം മധുരയിലേക്ക് വിവാഹത്തിനായി പോയത്.
ഇന്നലെ രാത്രിയോടെ വീട്ടിൽ എത്തിയപ്പോഴാണ് തന്റെ വലിയ സമ്പാദ്യം മുഴുവൻ കവർച്ചക്കാർ കൊണ്ടുപോതായി അറിയുന്നത്. കണ്ണൂരിലെ പ്രമുഖ അരി വ്യാപാരിയും അഷ്റഫ് ട്രേഡേഴ്സ് മുതലാളിയുമാണ് കെ പി അഷ്റഫ്.
കണ്ണൂർ വളപട്ടണത്താണ് വൻ കവർച്ച നടന്ന വീട്. അലമാരകളിലായി സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണം ഉൾപ്പടെ 300 പവനും ഒരു കോടി രൂപയും മോഷണം പോയതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനകത്തെ സിസിടിവി തിരിച്ചുവെച്ച നിലയിലായിരുന്നു. എന്നാല്‍ മതിൽ കെട്ടിന് പുറത്തേക്കുള്ള സിസിടിവി ദൃശ്യത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഏത് ദിവസമാണ് മോഷണം നടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. വീടിനെക്കുറിച്ചും വ്യാപാരിയെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് കവർച്ചക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.