വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്ത നാലംഗ സംഘം പിടിയിൽ
ബംഗളുരു : ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്ത നാലംഗ നാലംഗ സംഘം പോലീസ് പിടിയിൽ. ബംഗളുരുവിലാണ് സംഭവം. ഇഎസ്ഐയുടെ വെബ്സൈറ്റിൽ വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്ത് അതിലെ ജീവനക്കാരായി ആളുകളെ ചേർക്കുകയായിരുന്നു. ഇങ്ങനെ 869 പേർക്ക് ചികിത്സാ ആനുകൂല്യങ്ങൾക്കുള്ള ഇഎസ്പെ്ഐ കാർഡുകൾ സംഘടിപ്പിച്ച് നൽകിയെന്ന് കണ്ടെത്തിയിട്ടുണ്ട്. കാർഡ് കൊടുത്തവരിൽ നിന്നെല്ലാം പണവും വാങ്ങി. 21,000 രൂപയ്ക്ക് താഴെ മാസ ശമ്പളം വാങ്ങുന്നവർക്ക് ഇഎസ്ഐ ആശുപത്രികളിലും മറ്റ് എംപാനൽഡ് ആശുപത്രികളിലും ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് തൊഴിലുടമ വഴി നൽകുന്നതാണ് ഇഎസ്ഐ കാർഡുകൾ.
ബംഗളുരു രാജാജി നഗറിലെ ഇഎസ്ഐ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന വി ശ്രീധര ഇതേ ആശുപത്രിയിൽ ക്യാന്റീൻ നടത്തുന്ന രമേശ്, നേരത്തെ ഇഎസ്ഐ ജീവനക്കാരനായിരുന്ന ശിവലിംഗ, ഇവരുടെ സുഹൃത്തും സദാശിവനഗറിലെ ഒരു ആശുപത്രി ജീവനക്കാരനുമായ ചന്ദ്ര എന്നിവരാണ് പിടിയിലായത്. ഇവർക്ക് പുറമെ രാജാജി നഗർ ആശുപത്രിയിലെ അക്കൗണ്ട്സ് സെക്ഷനിൽ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകൾക്കും തട്ടിപ്പിൽ പങ്കുള്ളതായി സംശയമുണ്ട്. ഇവരാണ് ഡോക്ടർമാരിൽ നിന്ന് വ്യാജ ശുപാർശ കത്തുകൾ ലഭ്യമാക്കിയിരുന്നതെന്നാണ് സംശയം.