കൊച്ചിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ പിടിയിൽ.
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണ് ഇയാൾ.
കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന് ഓഫീസില്‍ വച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. ബിപിസിഎല്ലില്‍ തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്.
സര്‍ട്ടിഫിക്കറ്റ് ഒന്നിന് 1000 രൂപ നിരക്കിലായിരുന്നു കൈക്കൂലി. ഇത്തരത്തിൽ 20 പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ 20,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. വിജിലൻസ് എസ്പിയാണ് ഇയാളെ അറസ്റ്റു ചെയ്തത്. അതിഥി തൊഴിലാളികളെ അടക്കം ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളിയായി കയറ്റുന്നതിന് ലേബർ കാർഡ് നൽകിയിരുന്നത് ഇദ്ദേഹമാണ്. 7 ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാർ.