എടിഎമ്മിൽ നിന്ന് പണമെടുക്കാൻ സഹായം, കാർഡിൽ തിരിമറി, പിന്നാലെ പണം തട്ടും; പ്രതി പിടിയിൽ
കോയമ്പത്തൂർ: വാൽപ്പാറയിൽ എ.ടി.എം. കാർഡിൽ തിരിമറി നടത്തി പണം തട്ടിയ പ്രതി അറസ്റ്റിൽ. ചേർത്തല സ്വദേശി നജീബാണ് (36) വാൽപ്പാറ പോലീസിന്റെ പിടിയിലായത്.
നല്ലമുടി എസ്റ്റേറ്റിലെ മുരുകമ്മാൾ നൽകിയ പരാതിയിലാണ് നടപടി. ടൗണിലെ എ.ടി.എം. സെന്ററിൽ പണമെടുക്കാൻ ചെന്ന മുരുകമ്മാൾ അവിടെ നിന്നിരുന്ന നജീബിനോട് പണം എടുത്തുതരാമോ എന്നുചോദിച്ചു. എ.ടി.എം. കാർഡും പിൻനമ്പറും നജീബിന്റെ കൈവശം നൽകി. തുടർന്ന്, നജീബ് കാർഡ് ഉപയോഗിച്ച് ബാലൻസ് പരിശോധിച്ചു. നിലവിൽ പണമെടുക്കാനാവില്ലെന്ന് മുരുകമ്മാളിനെ അറിയിച്ചു. പക്ഷേ, യഥാർഥ കാർഡിനുപകരം മറ്റൊരു കാർഡാണ് തിരികെ നൽകിയത്.
കുറച്ചുസമയത്തിനുശേഷം അക്കൗണ്ടിൽനിന്ന് 9,000 രൂപ പിൻവലിച്ചതായി മുരുകമ്മാളിന് സന്ദേശം ലഭിച്ചു. ഇതോടെ, ഇവർ വാൽപ്പാറ പോലീസിൽ പരാതി നൽകുകയായിരുന്നു. ഡി.എസ്.പി. ശ്രീനി, ഇൻസ്പെക്ടർ ആനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ സി.സി.ടി.വി. കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
മറ്റൊരു എ.ടി.എമ്മിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇയാളിൽനിന്ന് 5,290 രൂപ, 44 എ.ടി.എം. കാർഡുകൾ, രണ്ട് മൊബൈൽ ഫോൺ എന്നിവ പിടികൂടി. പ്രതി പ്രായമുള്ളവരെ കബളിപ്പിച്ച് കേരളത്തിലും തമിഴ്നാട്ടിലും എ.ടി.എം. തട്ടിപ്പുനടത്തുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.
സമാനതട്ടിപ്പിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസുണ്ട്.