കറികളില്‍ തേങ്ങ കുറയ്ക്കേണ്ടിവരും; 1Kg തേങ്ങയ്ക്ക് 65 രൂപവരെ, ചമ്മന്തിയരയ്ക്കാന്‍ വേണം 15 രൂപ
വടക്കഞ്ചേരി : ചോറിന് കറിയൊന്നുമില്ലെങ്കിൽ ഒരു തേങ്ങാച്ചമന്തിയുണ്ടാക്കാമെന്നായിരിക്കും ആദ്യം ചിന്തിക്കുക. ഇഡ്ഡലിയുടെയും ദോശയുടെയും കാര്യമെടുത്താൽ ചട്നി ഒഴിവാക്കാനാവില്ല. എന്നാലിപ്പോൾ തേങ്ങാച്ചമ്മന്തിയും ചട്നിയുമൊക്കെ പണച്ചെലവുള്ള കാര്യമാണ്. നല്ല തേങ്ങയ്ക്ക് 30 രൂപയെങ്കിലും കൊടുക്കണം. അരമുറി തേങ്ങയും മുളകും കൂടിയാവുമ്പോൾ 15 രൂപയെങ്കിലുമാവും. ഒരല്പം ഉള്ളിയും ചേർക്കണമെങ്കിൽ ചെലവ് പിന്നെയും കൂടും.
മിക്ക വീട്ടുവളപ്പുകളിലും തെങ്ങുണ്ടെങ്കിലും തേങ്ങയില്ലാത്ത സ്ഥിതിയാണ്. വാങ്ങാനാണെങ്കിൽ നല്ല വിലയും കൊടുക്കണം. രണ്ട് മാസംമുമ്പ് കിലോഗ്രാമിന് മുപ്പത് രൂപയിൽ താഴെയായിരുന്ന തേങ്ങാവില ഇപ്പോൾ 65 രൂപയാണ്. മൂപ്പെത്താത്ത തേങ്ങയും വിപണിയിലെത്തുന്നുണ്ട്. തേങ്ങ കിട്ടാതായാൽ വിഭവങ്ങൾ കുറയ്ക്കേണ്ടിവരുമെന്നാണ് ഹോട്ടലുടമകളുടെ ആശങ്ക. ഇത് കച്ചവടത്തെ ബാധിക്കുമെന്ന് വടക്കഞ്ചേരിയിലെ വെജിറ്റേറിയൻ ഹോട്ടലുടമായ പി.ജി. രമേഷ് പറയുന്നു. മണ്ഡലകാലം ആയതോടെ തേങ്ങയ്ക്ക് ആവശ്യവും കൂടും.