റിട്ട.ബാങ്ക് ഉദ്യോഗസ്ഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: റിട്ട.ബാങ്ക് ഉദ്യോഗസ്ഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കാന, ബാരിക്കാട്ടെ രാമചന്ദ്രനായിക് (65) ആണ് മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ റിട്ട. ഉദ്യോഗസ്ഥനാണ്. ബുധനാഴ്ച രാവിലെയാണ് സംഭവം. കൊല്ലങ്കാനയിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് രാമചന്ദ്രനായിക് പുലർച്ചെ വീട്ടിൽ നിന്നു ഓട്ടോറിക്ഷയിൽ പുറപ്പെട്ടത്. കൊല്ലങ്കാനയിൽ എത്തിയപ്പോൾ പാണ്ഡവകരെ കുളത്തിനു സമീപത്തുള്ള നാഗരക്കട്ടയിൽ പ്രാർത്ഥിക്കണമെന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞു. ഓട്ടോയിൽ നിന്നു ഇറങ്ങിപ്പോയ രാമചന്ദ്രനായിക് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ അന്വേഷിച്ചു പോയി. ഈ സമയത്ത് രാമചന്ദ്രനായികിൻ്റെ വസ്ത്രങ്ങളും ചെരുപ്പും മൊബൈൽ ഫോണും കുളക്കരയിൽ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി പാതാളക്കരണ്ടി ഉപയോഗിച്ചാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാസർകോട് അഗ്നി രക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഇ പ്രസീദ്, ഗോകുൽ രാജ്, എസ് അരുൺകുമാർ, സിറാജുദ്ദീൻ, രാജേന്ദ്രൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: വാരിജാക്ഷി. മക്കൾ: ഭവ്യ, പൂർണ്ണിമ, ചൈത്ര, രക്ഷിത. മരുമക്കൾ: വസന്ത, ശരത്. സഹോദരങ്ങൾ: രാമ നായിക്, സുരേഷ നായിക്, ഗോപാലകൃഷ്ണ നായിക്, പരേതനായ ഈശ്വര നായിക്.