ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; യുവതി വെന്തുമരിച്ചു
ബെംഗളൂരു: ഡോ.രാജ്കുമാര് റോഡ് നവരംഗ് ബാര്‍ ജംഗ്ഷനിലെ ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. രാമചന്ദ്രപുര സ്വദേശിനിയും ഷോറൂമിലെ അക്കൗണ്ടന്റുമായ പ്രിയ (20) ആണ് മരിച്ചത്. തീപിടിത്തത്തില്‍ 45 ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു.
ചൊവ്വാഴ്ച വെെകീട്ടായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപടര്ന്നുവെന്നാണ പ്രാഥമിക നിഗമനം. സ്കൂട്ടറിലെ ബാറ്ററി ചാര്‍ജ് ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുകയും മറ്റുവാഹനങ്ങളിലേക്ക് പടരുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീപിടിത്തമുണ്ടായപ്പോള്‍ ഷോറൂമില്‍ ആറു ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ മറ്റൊരു റൂമിലായിരുന്നു. കനത്ത തീയും പുകയും നിറഞ്ഞതോടെ പ്രിയ അവിടെ കുടുങ്ങിപ്പോയി. അഗ്നിശമന സേനയെത്തി തീയണച്ചാണ് പ്രിയയുടെ മൃതദേഹം കണ്ടെടുത്തത്. രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.
സംഭവശേഷം ഷോറൂം ഉടമ ഒളിവില്‍ പോയി എന്നാണ് പോലീസ് പറയുന്നത്. ഇയാള്ക്കെതിരേകേസെടുത്ത് അന്വേഷണം ആരംഭിച്ചു.