കാസർകോട്ട് നിയമിതനായ ജില്ലാ ജഡ്ജി സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയില്‍; റിയാസ് മൗലവി,ജാനകി ടീച്ചർ വധക്കേസുകളുടെ വിധി നീളും ,അഭിഭാഷകരുടെ മുന്നറിയിപ്പ് യാഥാർഥ്യമായി
കാസര്‍കോട് : ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുതിയ ജഡ്ജി ചുമതലയേല്‍ക്കാന്‍ വൈകുമെന്ന് സൂചന. കൊല്ലം ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയെയാണ് കാസര്‍കോട് കോടതിയില്‍ പുതിയ ജഡ്ജിയായി നിയമിച്ചിരിക്കുന്നത്. നിലവില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി. അജിത്കുമാര്‍ മാര്‍ച്ച് ആറിനാണ് സ്ഥലം മാറി പോകുന്നത്. എന്നാല്‍ പകരം ചുമതലയേല്‍ക്കേണ്ട കൊല്ലം ജില്ലാ ജഡ്ജി തന്നെ സ്ഥലം മാറ്റുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മാര്‍ച്ച് ആറിനാണ് അദ്ദേഹം കാസര്‍കോട്ട് ചുമതലയേല്ക്കേണ്ടതെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ അതിന് സാധിക്കില്ല. തന്നെ സ്ഥലം മാറ്റുന്നതിനെതിരെ കൊല്ലം ജഡ്ജി നല്കിയ ഹരജിയില്‍ ഹൈക്കോടതി തീരുമാനം വരുന്നതുവരെ അനിശ്ചിതത്വം തുടരും. വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജി സുപ്രീംകോടതിയെ സമീപിക്കുന്ന പക്ഷം ഈ അവസ്ഥ പിന്നെയും തുടരും. വിധി പറയുന്ന ഘട്ടം വരെയെത്തിയ കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസിനെയാണ് ഇത്തരമൊരു സ്ഥിതിവിശേഷം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഈ കേസില്‍ സാക്ഷിവിസ്താരം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം തന്നെ വിധി പറയാന്‍ കഴിയുമെന്നായിരുന്നു നിയമവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്. അപ്പോഴാണ് അവിചാരിതമായി ജഡ്ജി അജിത്കുമാറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്. ഇതോടെ റിയാസ് മൗലവി വധക്കേസിലും ചീമേനി പുലിയന്നൂർ ജാനകി ടീച്ചർ വധക്കേസിലും വിധിപറയാനിരിക്കുന്നത് അനിശ്ചിതത്വത്തിലായി. അതേസമയം മുൻ ജഡ്ജ് അജിത്കുമാറിനെ സ്ഥലം മാറ്റിയതിനെതിരെ കാസർകോട് ബാറിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.സ്ഥലം മാറ്റം ജില്ലാ കോടതിയിൽ തുടര്‍ന്ന് പ്രമാദമായ കേസുകളെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.