ഭർത്താവിന്റെ അവിഹിതം ചോദ്യം ചെയ്തപ്പോൾ യുവതിയെ അടിവയറ്റിൽ ചവിട്ടിവീഴ്ത്തി, കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനും മറ്റു മൂന്നു പേർക്കുമെതിരെ നരഹത്യാശ്രമത്തിനു കേസ്
കാസർകോട്: കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതി. യുവതിയുടെ പരാതി പ്രകാരം ഭർത്താവിനും മറ്റു മൂന്നു പേർക്കുമെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുംബഡാജെ, കുമ്പംകണ്ടം ഹൗസിലെ ഇബ്രാഹിമിൻ്റെ മകൾ സാജിത(24)യുടെ പരാതി പ്രകാരം ഭർത്താവ് ബാഡൂർ, പെർമുദെയിലെ കലന്തർഷാഫിക്കും മറ്റു മൂന്നു പേർക്കും എതിരെയാണ് നരഹത്യാശ്രമത്തിനു കേസെടുത്തത്. 2019 ഡിസംബർ 13നാണ് സാജിതയും കലന്തർ ഷാഫിയും മതാചാരപ്രകാരം വിവാഹിതരായത്. പിന്നീട് കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർതൃവീട്ടിൽ പീഡനം ആരംഭിച്ചതായി സാജിത നൽകിയ പരാതിയിൽ പറയുന്നു. നവംബർ 16ന് നീർച്ചാൽ ഗ്രാമത്തിലെ മുഗുറോഡിലുള്ള വാടകവീട്ടിൽ വച്ചു ഭർത്താവിൻ്റെ അവിഹിതത്തെ ചോദ്യം ചെയ്തുവെന്നും ഈ സമയത്ത് അടിവയറ്റിൽ ചവിട്ടി വീഴ്ത്തുകയും കഴുത്തിലും പള്ളയിലും അമർത്തി പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. 17ന് വൈകുന്നേരം അഞ്ചു മണിയോടെ പരാതിക്കാരിയെ രണ്ടും മൂന്നും പ്രതികൾ കൈകൊണ്ടു അടിക്കുകയും ഭർത്താവ് ഷാളെടുത്ത് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചുവെന്നും കേസിൽ പറയുന്നു.