സൗദിയിൽ ഇക്കൊല്ലം വധശിക്ഷയ്ക്ക് വിധേയരായത് 101 വിദേശികൾ, പ്രവാസികൾ കൂടുതലായി ശിക്ഷിക്കപ്പെടാൻ കാരണം
റിയാദ്: മലയാളികളടക്കം ആയിരക്കണക്കിന് പേർ തൊഴിൽതേടി ദിവസേന വിമാനം കയറുന്ന ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. അനേകം ഇന്ത്യൻ പ്രവാസികൾ കാലങ്ങളായി സൗദിയിൽ തൊഴിലെടുക്കുന്നു. പ്രവാസികളെ ഇരുകയ്യുംനീട്ടി സ്വീകരിക്കുന്ന രാജ്യമാണെങ്കിലും നിയമങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും സൗദി അനുവദിക്കാറില്ല. ഈ വർഷം മാത്രം 101 വിദേശികളുടെ വധശിക്ഷയാണ് സൗദി നടപ്പിലാക്കിയത്.
രാജ്യത്തിന്റെ ചരിത്രത്തിൽ ഒരുവർഷത്തിൽ ഇത്രയും ആളുകളെ വധശിക്ഷയ്ക്ക് വിധിക്കുന്നത് ഇതാദ്യമാണ്. 2023ലും 2022ലും നടപ്പിലാക്കിയ വധശിക്ഷകളെക്കാൾ മൂന്നിരട്ടിയാണിത്. വധശിക്ഷകൾ വർദ്ധിപ്പിച്ചതിന് വിവിധ മനുഷ്യാവകാശ സംഘടനകൾ സൗദിയെ വിമർശിച്ചിരുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വധശിക്ഷകളാണ് ഇവയിലേറെയും. സൗദിയിലെ വിദേശികളാണ് ഏറ്റവും ദുർബലരെന്ന് യൂറോപ്യൻ -സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ലീഗൽ ഡയറക്ടർ താഹ അൽ ഹാജി ചൂണ്ടിക്കാട്ടുന്നു. പല വൻകിട മയക്കുമരുന്ന് ഡീലർമാരുടെയും ഇരകളാവുന്നത് വിദേശികളാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയായി അറസ്റ്റിലാവുന്നതുമുതൽ വധശിക്ഷ നടപ്പിലാക്കുന്നതുവരെയും നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ ഇവർ അനുഭവിക്കേണ്ടതായി വരുന്നുവെന്നും താഹ ഹാജി പറഞ്ഞു. സൗദിയിൽ അഭൂതപൂർവമായ വധശിക്ഷാ പ്രതിസന്ധി നിലനിൽക്കുകയാണെന്ന് ആന്റി ഡെത്ത് പെനാൽറ്റി ഗ്രൂപ്പായ ജീത് ബസ്യോനി ചൂണ്ടിക്കാട്ടുന്നു.
എഎഫ്പിയുടെ കണക്കുകൾ പ്രകാരം 21 പാകിസ്ഥാനികൾ, 20 യെമനികൾ, 14 സിറിയക്കാർ, 10 നൈജീരിയക്കാർ, ഒൻപത് ഈജിപ്തുകാർ, എട്ട് ജോർദാൻകാർ, എട്ട് എതോപ്യകാർ, സുഡാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്നുപേർ വീതവും ശ്രീലങ്ക, എറിട്രിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നും ഒരാളുമാണ് ഇക്കൊല്ലം സൗദിയിൽ വധശിക്ഷയ്ക്ക് വിധേയരായത്.
ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള അന്താരാഷ്ട്ര സംഘടനകൾ, ചൈനയ്ക്കും ഇറാനും ശേഷം തടവുകാരെ വധശിക്ഷയ്ക്ക് വിധിക്കുന്ന മൂന്നാമത്തെ വലിയ രാജ്യമായി സൗദി അറേബ്യയെ ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ് ഈ വർഷത്തെ ഉയർന്ന വധശിക്ഷാ കണക്കുകൾ. കൊലപാതകം പോലുള്ള കേസുകളിലൊഴികെ, രാജ്യം വധശിക്ഷ നിർത്തലാക്കിയതായി 2022ൽ ദി അറ്റ്ലാന്റിക്കിന് നൽകിയ അഭിമുഖത്തിൽ സൽമാൻ രാജകുമാരൻ വ്യക്തമാക്കിയിരുന്നു.