കളനാട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; വന്ദേഭാരതിനു കല്ലെറിഞ്ഞ 17കാരനും പിടിയിൽ
കാസർകോട്: കാസർകോടിനും കോട്ടിക്കുളത്തിനും ഇടയിൽ ചൊവ്വാഴ്ച പുലർച്ചെ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട, എഴംകുളം, അറക്കലിക്കൽ ബേബിവില്ലയിലെ അഖിൽ ജോൺ മാത്യു (21) വിനെയാണ് കാസർകോട് റെയിൽവെ പൊലീസും ആർ.പി.എഫും ചേർന്ന് അറസ്റ്റു ചെയ്തത്. ഇയാളുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചൊവ്വാഴ്ച പുലർച്ചെ 1.20 മണിയോടെ അമൃത്സർ-കൊച്ചുവേളി എക്സ്പ്രസ് അട്ടിമറിക്കാനാണ് ശ്രമം ഉണ്ടായത്. കളനാട് റെയിൽവെ സ്റ്റേഷനു സമീപത്ത് ട്രാക്കിൽ കല്ലുകയറ്റി വച്ചാണ് അട്ടിമറിക്ക് ശ്രമിച്ചത്. ട്രെയിൻ കടന്നു പോയപ്പോൾ കല്ലുകൾ ചിതറിത്തെറിച്ചു. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. നവംബർ എട്ടിന് ബേക്കൽ, പൂച്ചക്കാട്ട് വച്ച് വന്ദേഭാരത് എക്സ്പ്രസിനു കല്ലെറിഞ്ഞ കേസിൽ 17 കാരനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആർ.പി.എഫ് ഇൻസ്പെക്ടർ അക്ബർ അലി, എസ്.ഐ കതിരേഷ് ബാബു, എസ്.ഐ എ.പി ദീപക്ക്, എസ്.എച്ച്.ഒ റെജികുമാർ, എസ്.ഐ പ്രകാശൻ എൻ.വി. ആർ.പി.എഫ് എ.എസ്.ഐമാരായ ഷിജു, വിനോജ്, അജിത് കുമാർ, സിപിഒ ശ്രീരാജ്, സിപിഒ രാകേഷ്, ജി.ആർ.പി സി.പി.ഒ ജ്യോതിഷ് എന്നിവർ അടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷിച്ചു പ്രതികളെ കണ്ടെത്തിയത്.