ആലപ്പുഴയിൽ സ്ത്രീയെ കൊന്നു കുഴിച്ചു മൂടിയതായി സംശയം; കരൂർ സ്വദേശി പിടിയിൽ
ആലപ്പുഴ: കരുനാഗപ്പള്ളിയിൽ കാണാതായ യുവതിയെ കൊന്നു കുഴിച്ചു മൂടിയതായി സംശയം. കേസുമായി ബന്ധപ്പെട്ട് കരൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളി സ്വദേശിയായ വിജയലക്ഷ്മിയെ കഴിഞ്ഞ ആഴ്ചയിലാണ് കാണാതായത്. ഇവർ ഭർത്താവുമായി അകന്ന് വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിജയലക്ഷ്മിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന ജയചന്ദ്രനിലേക്ക് പൊലീസ് എത്തിയത്. കൊല്ലപ്പെട്ട വിജയലക്ഷ്മിയും പ്രതിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
അമ്പലപ്പുഴ ക്ഷേത്രത്തിൽ തൊഴാനെത്തിയ വിജയലക്ഷ്മി ജയചന്ദ്രന്റെ വീട്ടിൽ പോയിരുന്നു. അവിടെ വച്ചുണ്ടായ വാക്കേറ്റത്തിനൊടുവിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ മൃതദേഹം എവിടെയാണ് എന്നതിൽ വ്യക്തതയില്ല.
യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ ഫോൺ എറണാകുളത്തെ ബസിൽ ഉപേക്ഷിക്കുകയായിരുന്നു. ബസിലെ കണ്ടക്റ്ററാണ് ഫോൺ പൊലീസിനെ ഏൽപ്പിച്ചത്. ജയചന്ദ്രന്റെ വീട്ടിലും പരിസരത്തും പരിശോധന തുടരുകയാണ്. ഫോറൻസിക് വിദഗ്ധരും എത്തിയിട്ടുണ്ട്.