ബിസിനസ് ആവശ്യത്തിനായി പിരിച്ച 9 കോടി രൂപയുമായി യുവാവ് മുങ്ങി; കാസർകോട്ടെ പല പ്രമുഖർക്കും പണം നഷ്ടപ്പെട്ടു, സെക്കൻ്റ് ബിസിനസ് ആണെന്ന് അറിഞ്ഞത് പിന്നീട്, പൊലീസ് അന്വേഷണം ആരംഭിച്ചു
കാസർകോട്: ബിസിനസ് ആവശ്യത്തിനായി കാസർകോട്ടെ പ്രമുഖരടക്കം നിരവധി പേരിൽ നിന്നു പിരിച്ചെടുത്ത ഒൻപതു കോടി രൂപയുമായി യുവാവ് നാട്ടിൽ നിന്നു കടന്നു കളഞ്ഞു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ പ്രവാസിയാണ് പണവുമായി സ്ഥലം വിട്ടത്. 10 ലക്ഷം രൂപ നിക്ഷേപമായി നൽകുന്ന ഒരാൾക്ക് മാസംതോറും ഒരു ലക്ഷം രൂപ ലാഭവിഹിതം നൽകുമെന്ന് പറഞ്ഞാണ് ആൾക്കാരെ വലയിലാക്കിയത്. ഇതനുസരിച്ച് ആദ്യകാലങ്ങളിൽ പണം നൽകിയവർക്ക് ലാഭവിഹിതം ലഭിച്ചിരുന്നു. ഇതു കണക്കിലെടുത്ത് ചിലർ ലാഭവിഹിതം കൂടി പിന്നീട് നിക്ഷേപമായി നൽകിയതായി പറയുന്നു. എന്നാൽ പിന്നീട് ആർക്കും പണം തിരികെ കൊടുക്കാതെയായി. ഇതോടെ പണം വാങ്ങിയ ആളെ തേടി ആൾക്കാർ എത്തിത്തുടങ്ങിയതോടെയാണ് യുവാവ് കഴിഞ്ഞ ദിവസം നാട്ടിൽ നിന്നു കടന്നു കളഞ്ഞതായുള്ള വിവരം പൊലീസിനു ലഭിച്ചത്. അതേ സമയം മുങ്ങിയ യുവാവ് രണ്ടാംകിട ബിസിനസ് ആണ് നടത്തിയിരുന്നതെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിനാലാണ് ഇത്രയും ഉയർന്ന നിരക്കിലുള്ള ലാഭവിഹിതം നൽകി കൂടുതൽ ആൾക്കാരെ ആകർഷിച്ചതെന്നു പറയുന്നു. അതേ സമയം നാണക്കേട് ഭയന്ന് ആരും പൊലീസിൽ രേഖാമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ല.