പ്ലസ്ടു വിദ്യാർത്ഥിനിയുടെയും യുവാവിൻ്റെയും മരണം: ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കാരണം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി
കാസർകോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പ, പുലിയംകുളം, നെല്ലിയാരയിലെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട യുവാവിൻ്റെയും പ്ലസ്ടു വിദ്യാർത്ഥിനിയുടെയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു. കഴുത്തു കുരുങ്ങിയാണ് ഇരുവരും മരണപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ട്, നെല്ലിയാര കോളനിയിലെ രാജേഷ് (24), മാലോത്ത്, കസബഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി എടത്തോട്, പയാളത്തെ ലാവണ്യ (17) എന്നിവരെ ശനിയാഴ്ച ഉച്ചയോടെയാണ് ആളൊഴിഞ്ഞ വീട്ടിൽ ഒരേ ഷാളിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒരിക്കൽ പോലും ലാവണ്യയെ പിരിയാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു രാജേഷ്. എന്നാൽ ലാവണ്യ അടുത്ത കാലത്തായി ഈ ബന്ധത്തിൽ നിന്നു പിന്മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേ കുറിച്ച് സംസാരിക്കാനാണ് പരപ്പയിലെ നാടൻ പാട്ടു പരിപാടി കാണാൻ എത്തിയ ലാവണ്യ കാമുകനെ നേരിൽ കണ്ടത്. ആദ്യം പരപ്പയിലെ കമ്മ്യൂണിറ്റി ഹാളിനു സമീപത്തു വച്ചു ഇരുവരും ഏറെ നേരം സംസാരിച്ചു. അവിടെ നിന്നും ആദ്യം നെല്ലിയരയിലേക്ക് പോയ രാജേഷിനെ തേടി ലാവണ്യയും പിന്നാലെ എത്തുകയായിരുന്നു. പിന്നീട് ഇരുവരും രാജേഷിൻ്റെ വീട്ടിൽ വച്ച് സംസാരിക്കുകയും ആളൊഴിഞ്ഞ വീട്ടിലെത്തുകയും ലാവണ്യയുടെ ഷാളിന്റെ രണ്ടറ്റത്തുമായി വീടിൻ്റെ ഹുക്കിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നു സംശയിക്കുന്നു. കാമുകിയെ അപകടപ്പെടുത്തിയ ശേഷം രാജേഷ് തൂങ്ങിയതാവാമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടത്തിലൂടെ അങ്ങനെയല്ലെന്നു വ്യക്തമായി. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു ഇരുവരും. ലാവണ്യയെ പിരിഞ്ഞിരിക്കാൻ കഴിയില്ലെന്ന രാജേഷിൻ്റെ കടുത്ത നിലപാടിനു മുന്നിൽ ലാവണ്യ കീഴടങ്ങിയതായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.